Skip to main content
ഫോര്‍ട്ടലെസ

modi meets with chinese president jinping in brasil

 

ബ്രിക്സ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയ്ക്കായി ബ്രസീലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ശി ചിന്‍ഭിങ്ങുമായി തിങ്കളാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. ഒന്നേകാല്‍ മണിക്കൂറോളം നീണ്ട സംഭാഷണം ഫലപ്രദമായിരുന്നെന്ന് മോദി തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പറഞ്ഞു. ഇന്നും നാളെയുമായി നടക്കുന്ന ആറാമത് ബ്രിക്സ് ഉച്ചകോടി പ്രധാനമന്ത്രി മോദിയുടെ ആദ്യ അന്താരാഷ്‌ട്ര ഉച്ചകോടിയാണ്.

 

ചൈനയുമായി നടത്തുന്ന ആദ്യ ഉച്ചകോടി തല ചര്‍ച്ചയില്‍ കൈലാസ് മാനസസരോവര്‍ തീര്‍ഥാടന യാത്രയ്ക്ക് രണ്ടാമതൊരു വഴി തുറക്കുന്നതിന്റെ സാധ്യത മോദി ആരാഞ്ഞു. അതിര്‍ത്തി തര്‍ക്കം സൗഹൃദപരമായി പരിഹരിക്കുന്നതും വ്യാപരകമ്മിയും അടക്കമുള്ള പ്രധാനവിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. പരസ്പരം ഗുണകരമായ പങ്കാളിത്തം രൂപീകരിക്കുന്നതിനും ഏഷ്യയുടെയും ലോകത്തിന്റേയും ക്ഷേമത്തിന്റെ ത്വരകങ്ങളായി പ്രവര്‍ത്തിക്കാനും ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ അവസരങ്ങള്‍ ഉള്ളതായി രണ്ടുപേരും നിരീക്ഷിച്ചു.

 

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശി ചിന്‍ഭിങ്ങ് ഇന്ത്യയും ചൈനയും കാണുമ്പോള്‍ മുഴുവന്‍ ലോകവും അത് നോക്കുന്നതായി വിശേഷിപ്പിച്ചു. നവംബറില്‍ നടക്കുന്ന അപെക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശി മോദിയെ ക്ഷണിച്ചു. ഷാങ്ങ്‌ഹായ് സഹകരണ സംഘടനയില്‍ ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും ശി അഭ്യര്‍ഥിച്ചു.