സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി ഇന്ന് പുറത്തിറങ്ങില്ല. ജാമ്യ ഉത്തരവ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ ഇന്ന് ഹാജരാക്കാനാകാത്തതിനാലാണ് പുറത്തിറങ്ങുന്നത് വൈകുന്നത്. ഇന്നലെ മദനിക്ക് ഉപാധികളോടെ ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരമോ ചൊവ്വാഴ്ച രാവിലെയോ മാത്രമേ അദ്ദേഹത്തിന് പുറത്തിറങ്ങാൻ കഴിയൂ.
ദൈവത്തിനോട് നന്ദിയുണ്ടെന്നും ജാമ്യം നല്‍കിയ സുപ്രീം കോടതി നടപടി ആശ്വാസകരമാണെന്നും മദനിയുടെ ഭാര്യ സൂഫിയ മദനി പറഞ്ഞു. ബംഗളൂരു വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് സുപ്രീം കോടതി ചികിത്സക്കായി മദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. മദനിയെ കൂടെനിന്ന് പരിചരിക്കുന്നതിനായി ബംഗളുരുവിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ് സൂഫിയ. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സൂഫിയക്ക് കേരളം വിട്ടുപോകണമെങ്കില്‍ എന്‍.ഐ.എ കോടതിയുടെ അനുമതി വേണം. അനുമതി ലഭിക്കാനുള്ള ശ്രമം ആരംഭിച്ചതായും കിട്ടിയാലുടന്‍ ബംഗളുരിലേക്ക് പുറപ്പെടുമെന്നും അവര്‍ പറഞ്ഞു.
അതേസമയം മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നേത്ര ചികിത്സ അടിയന്തിരമായി നടത്തണമെന്നും ഇതിന് മുന്‍പായി പ്രമേഹം ചികിത്സിച്ച് ഭേദമാക്കണമെന്നും ചികിത്സക്കെല്ലാം കൂടി ഒരു മാസം മതിയാകില്ലെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ മാധ്യമങ്ങളെ അറിയിച്ചു. മദനിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ പി.ഡി.പി സ്വാഗതം ചെയ്തു.
2010 ആഗസ്റ്റ് 17-നാണ് സ്ഫോടന കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കര്‍ണാടക പൊലീസ് മദനിയെ അറസ്റ്റ് ചെയ്തത്. വിചാരണ തടവുകാരനായി മൂന്നര വര്‍ഷത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു മദനി. വിചാരണ നീളുന്നതും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.