Skip to main content
ലണ്ടന്‍

 

കശ്മീരിനായി ആയുധമെടുക്കണമെന്ന് അല്‍ഖ്വയ്ദയുടെ ആഹ്വാനം. സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളെ അനുകരിച്ച് കശ്മീരിലെ മുസ്‌ലീങ്ങളോട് ഇന്ത്യക്കെതിരെ പ്രക്ഷോപം നടത്തണമെന്നും ഇതിനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് സഹായം എത്തുമെന്നും അല്‍ഖ്വയ്ദയുടെ വീഡിയോ സന്ദേശത്തില്‍ പറയുന്നു. നിയന്ത്രണരേഖയ്ക്കിരുവശവുമുള്ള മുഴുവന്‍ മുസ്‌ലീങ്ങളോടുമാണ് ആയുധമെടുത്ത് പോരാടാന്‍ അല്‍ഖ്വയിദ നേതാവ് മൗലാന അസിം ഉമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

2010-ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമറിന്‍റെ സന്ദേശമെത്തിയിരിക്കുന്നത്. ഇറാഖിലും സിറിയയിലും ഇപ്പോള്‍ നടക്കുന്ന കലാപരീതികള്‍ പിന്തുടര്‍ന്നാലേ അധികാര വര്‍ഗത്തിനെ താഴെ ഇറക്കാന്‍ കഴിയുവെന്നും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ ഇതിനായി ഒന്നിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ ഉമര്‍ പറയുന്നു. ഇന്ത്യയിലടക്കം അല്‍ഖ്വെയ്ദ ശക്തിപ്രാപിച്ചു വരുന്നുണ്ടെങ്കിലും ഒരു സ്ഥലത്തിന്റെ മോചനത്തിനായി ആദ്യമായാണ് ഇത്തരത്തില്‍ പ്രത്യക്ഷമായി ഒരു ആഹ്വാനം നല്‍കുന്നത്.

 

ഇപ്പോള്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ആയുധമെടുത്ത് ജിഹാദിന്റെ പാതയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അതില്‍ നിരാശരായി ഇപ്പോള്‍ ആയുധമെടുത്തിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.  കശ്മീരില്‍ സ്വാതന്ത്യത്തിനായി മറ്റു വഴികള്‍ ഇല്ല. സ്വയംഭരണാവകാശം നടപ്പിലാക്കണമെന്നും. ഇതിനായുള്ള വിമത പ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍ സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

 

യൂറോപ്പില്‍ അക്രമണം നടത്താനും ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലീ റിഗ്‌ബെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നു. പതിവായി മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ്‌സൈറ്റില്‍ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കശ്മീര്‍ സന്ദര്‍ശന വേളയിലാണ് അല്‍ഖ്വയ്ദയുടെ ഭീഷണി. കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചിരുന്നു.