Skip to main content
കോഴിക്കോട്‌

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം ശക്തമായി തുടരുമെന്ന് താമരശേരി രൂപത. ഇത്‌ ജനകീയ പ്രശ്നമാണെന്നും ഏതെങ്കിലും സമുദായത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ പ്രശ്നമല്ലെന്നും രൂപതയിലെ ദേവാലയങ്ങളില്‍ ഞായറാഴ്ച വായിച്ച ഇടയ ലേഖനത്തില്‍ പറയുന്നു. ബഹുജന പ്രക്ഷോഭങ്ങളെ നിസാരവല്‍ക്കരിക്കുന്നവര്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇടയലേഖനം മുന്നറിയിപ്പ് നല്‍കുന്നു.

 

സര്‍ക്കാറിന്റെ പതിവു ആശ്വാസ വചനങ്ങള്‍ ഇനി വിശ്വസിക്കാനാകില്ലെന്ന് ലേഖനത്തില്‍ പറയുന്നു. ജനങ്ങള്‍ ആശങ്കയിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും കുടിയിറക്കാതെ കുടിയിറക്കുന്നതാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ഇടയലേഖനം പറയുന്നു. ജനദ്രോഹ നടപടികളില്‍ നിന്ന്‍ ഭരണസംവിധാനത്തേയും നീതിപീഠങ്ങളെയും പിന്തിരിപ്പിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്‌ ലേഖനം ആവശ്യപ്പെടുന്നു.

 

കാരണം, പ്രകൃതിയെ സംരക്ഷിക്കുന്നത് കര്‍ഷകരാണെന്നും സമരം കര്‍ഷകന്റെ നിലനില്‍പ്പിന് വേണ്ടിയാണെന്നും ഇടയലേഖനം അവകാശപ്പെടുന്നു. പ്രകൃതിയേയും മൃഗങ്ങളേയും കുറിച്ച് ആശങ്കപ്പെടുന്ന പരിസ്ഥിതിവാദികള്‍ മനുഷ്യരെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും ചിന്തിക്കാനും ലേഖനം ആവശ്യപ്പെടുന്നു. 

Tags