Skip to main content
ന്യൂഡല്‍ഹി

ശ്രീലങ്കയില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന. തമിഴ്നാട്ടില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം പുറത്ത് വന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പങ്കെടുക്കുമെന്നാണ് സൂചന.  

 

കൊളംബോയില്‍ നവംബര്‍ 15 മുതല്‍ 17 വരെയാണ് ഉച്ചകോടി. ഉച്ചകോടിയില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഡി.എം.കെ നേതാവ് എം.കരുണാനിധി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാരായ പി. ചിദംബരവും ജയന്തി നടരാജനും ജി.കെ വാസനും പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനത്തിലുള്ള എതിര്‍പ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്.

 

മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്ന എല്‍.ടി.ടി.ഇ യുദ്ധത്തിനു ശേഷവും ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധങ്ങള്‍ തുടരുന്നുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ ഇന്ത്യയില്‍ വന്നുപോവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ്‌ കോര്‍ ഗ്രൂപ്പ്‌ യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്‌തെങ്കിലും, കൂടുതല്‍ കൂടിയാലോചനകള്‍ക്കു ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന ധാരണയിലെത്തുകയായിരുന്നു. എന്നാല്‍, ശ്രീലങ്കയുമായുളള ബന്ധം നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

Tags