Skip to main content
വാഷിംഗ്‌ടണ്‍

യു.എസ് സാമ്പത്തിക പ്രതിസന്ധിയില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അത് ആഗോളവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ജി-20 രാജ്യങ്ങള്‍. യു.എസ് പ്രതിസന്ധി ഈ നിലയില്‍ തുടരുന്നത് അപകടകരമാണെന്ന് ഐ.എം.എഫ് പ്രസിഡന്‍റ് ക്രിസ്റ്റീന ലെഗാര്‍ദോ വ്യക്തമാക്കി. വാഷിങ്ടണില്‍ അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും കേന്ദ്രബാങ്കുകളുടെ തലവന്മാരുടെയും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

 

സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ധനമന്ത്രി പി.ചിദംബരവും പങ്കെടുത്തു. സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയുമാണെന്നും ഇത് ആഗോള സാമ്പത്തിക മാന്ദ്യത്തിനു വഴിയൊരുക്കുമെന്നും ഐ.എം.എഫ് മേധാവി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, കടമെടുപ്പു പരിധി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കുക, ബജറ്റ് പാസാക്കാനുള്ള തീരുമാനമെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു യു.എസ്  വൈറ്റ് ഹൌസിനു മുന്നില്‍ പ്രതിഷേധം ശക്തമാണ്.

 

സര്‍ക്കാറിന്റെ ചെലവുകൾക്കായുള്ള  പണം ചിലവഴിക്കാന്‍ അനുവാദം നല്‍കൂന്ന ബില്‍ പാസാക്കാനാവാതെ വന്നതോടെയാണ്  യു.എസ് സര്‍ക്കാര്‍ സ്തംഭിച്ചത്. ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പദ്ധതിയെ ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇതിനിടയാക്കിയത്. ‘ഒബാമ കെയര്‍’ എന്നാ ആരോഗ്യ രക്ഷാ പദ്ധതിയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാവത്തതാണ് യു.എസ്സില്‍ പ്രതിസന്ധി സൃഷ്ടിച്ചത്.  കടമെടുക്കാന്‍ പ്രസിഡന്‍റിനുള്ള അധികാരം ഈ മാസം 17-ന് തീരുകയാണ്. അത് അല്പകാലത്തേക്ക് നീട്ടിക്കൊടുക്കാമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധിസഭാംഗങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹ്രസ്വകാലത്തേക്ക് മാത്രമായി ഇത് നീട്ടുന്നതിനോട് താത്പര്യമില്ലെന്ന് ഒബാമ ശനിയാഴ്ച വ്യക്തമാക്കി