Skip to main content

ലാപതാ ലേഡീസ് നല്ലയൊരു സിനിമ

ലാപതാ ലേഡീസ് നല്ലയൊരു സിനിമ

 

ഒരു സിനിമയുടെ എല്ലാ ആസ്വാദ്യതകളോടുംകൂടി കണ്ടിരിക്കാൻ പറ്റുന്ന ഹിന്ദിസിനിമയാണ് ലാപതാ ലേഡീസ് . എന്നു വെച്ചാൽ കാണാതായ സ്ത്രീകൾ. വിവാഹ ശേഷം ട്രെയിനിൽ സഞ്ചാരിക്കുന്ന രണ്ട് ജോഡി പുതു ദമ്പതിമാർ . മുഖം മൂടിയ അവസ്ഥയിൽ സമാനമായി തോന്നുന്ന വധുക്കൾ. രാത്രിയിൽ ഉറക്കത്തിൽ നിന്ന് ഒരാളുടെ ഭർത്താവ് ഉണരുമ്പോൾ അയാൾക്കിറങ്ങേണ്ട സ്റ്റേഷൻ. പെട്ടന്ന് ഭാര്യയും വിളിച്ചു ട്രെയിനിറങ്ങുന്നു. അയാളുടെ വീട്ടിലെത്തി അമ്മയും ബന്ധുക്കളും കുങ്കുമം തൊട്ട് ആചാരപൂർവ്വം വധുവിനെ സ്വീകരിക്കുന്നതിന് മുഖം മൂടി ഉയർത്തുമ്പോഴാണ് താൻ വിവാഹം ചെയ്ത യുവതിയല്ല തന്നോടൊപ്പം വന്നതെന്നറിയുന്നു. അവിടെ നിന്നാണ് കഥ വികസിക്കുന്നത്. 

         കിരൺ റാവുവിൻ്റെ സംവിധാനത്തിൽ അമീർഖാൻ പ്രൊഡക്ഷൻസ് പുറത്തിറക്കിയ ഈ സിനിമയിൽ അറിയപ്പെടുന്ന താരങ്ങൾ വിരളം. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ദൈനംദിന ജീവിതത്തിൽ നിന്ന് ഉൾപ്പെടുത്തിയവർ പോലുള്ളവർ. 

                 നാടകീയ നിമിഷങ്ങളിലൂടെ, ഒട്ടും അധിഭാവുകത്വം ഇല്ലാതെ നർമ്മത്തിൻ്റെ നൂലിഴ വഴിയിലൂടെയാണ് സിനിമയെ അവതരിപ്പിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളുടെയും ഹിന്ദി മേഖലയിലെ ഇന്ത്യൻ ഗ്രാമങ്ങളുടെയും ഒരു നേർ പരിഛേദം ലാപതാ ലേഡീസിലൂടെ വെളിവാകുന്നു. സ്ത്രീകളെ ഇരുട്ടിൽ അവശേഷിപ്പിക്കുന്ന അവസ്ഥകളെ സന്ദർഭങ്ങളുടെയും ചില കഥാപാത്രങ്ങളുടെ സർഗ്ഗാത്മകതയിലൂടെയും അനായാസം അതിജീവിച്ചു മുന്നേറുന്നത് ഈ സിനിമയുടെ വിജയത്തെ നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ ആചാരങ്ങളിൽ അവശേഷിക്കുന്ന, മാനുഷിക ഗുണങ്ങളെ ബലപ്പെടുത്തുന്ന ഘടകങ്ങളെ അതിമനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്. ആർക്കും ഇതിൽ സൂപ്പർ ഹീറോ പരിവേഷങ്ങളില്ല.

 

         അഴിമതിക്കാരനായ പോലീസ് ഓഫീസറിലെ ആ വശം നിലനിർത്തിക്കൊണ്ടു തന്നെ അയാളിലെ മാനുഷിക വശത്തെ പുറത്തെടുത്തപ്പോൾ അത് മനുഷ്യനിലുള്ള ശുഭാപ്തിവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതായി. എല്ലാം കൊണ്ടും ഒട്ടും ജാഡകളില്ലാത്ത നല്ലയൊരു സിനിമ


 

Ad Image