Skip to main content

കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി പി.ജെ. ജോസഫ് നയിക്കുന്ന മാണി വിഭാഗം പാര്‍ട്ടി. മന്ത്രി പദവി കാട്ടി പ്രലോഭിപ്പിച്ച് ജോസിനെയും കൂട്ടരേയും ഒപ്പം കൂട്ടാന്‍ ഒറ്റാലുമായി എന്‍.ഡി.എ. നേതൃത്വം. ജോസ്. കെ. മാണിയുടെ നീക്കങ്ങളെ ക്ഷമയോടെ നിരീക്ഷിക്കാനുറച്ച് എല്‍ഡി.എഫ്. കേരള രാഷ്ട്രീയം ഇനി കുറെ നാള്‍ ജോസ്.കെ.മാണിയെ വട്ടം ചുറ്റികളിക്കും.എന്തു കാട്ടിയാലും യു.ഡി.എഫില്‍ നിന്നു പുറത്തു പോകേണ്ടി വരുമെന്ന് ജോസ്.കെ. മാണി സ്വപ്‌നേപി കരുതിയിരുന്നില്ല. ഓര്‍ക്കാപ്പുറത്ത് പുറത്തായതിന്റെ ഞെട്ടലിലാണ് ജോസിന്റെ പാര്‍ട്ടി നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിന്റെ പേരില്‍ ഇത്രമാത്രം ബലം പിടുത്തം വേണ്ടിയിരുന്നില്ലെന്ന് ജോസിന്റെ വിശ്വസ്തര്‍ പോലും അടക്കം പറയുന്നു. 

എട്ട് മാസം കഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് നയിക്കുന്ന മാണി വിഭാഗത്തിന് കൊടുക്കാമെന്ന് യു.ഡി.എഫ്. നേതൃത്വവുമായി ധാരണ ഉണ്ടാക്കിയിരുന്നതായിരുന്നുവെന്ന് ജോസ് വിഭാഗത്തിലെ ഒരു സംസ്ഥാന നേതാവ് ലൈഫ് ഗ്‌ളിന്റിനോട് പറഞ്ഞു. പക്ഷേ രേഖാമൂലമായിരുന്നില്ല ഇത്. രേഖകളില്ല എന്നു പറഞ്ഞാണ് ജോസ്. കെ. മാണി ധാരണ ഇല്ലെന്ന് യു.ഡി.എഫ് നേതൃത്വത്തോട് വാദിച്ചത്. ഇത് ധാരണ ഉണ്ടാക്കാന്‍ മുന്‍കൈ എടുത്ത മുസ്ലീം ലീഗ് നേതത്വത്തെ ഉള്‍പ്പടെ അപമാനിക്കുന്നതായിരുന്നുവെന്നായിരുന്നു യു.ഡി.എഫ്. നിലപാട്. അത് ജോസിനൊപ്പം നില്‍ക്കുന്നവരും ഇപ്പോള്‍ സമ്മതിക്കുന്നു. ജോസ് ഇക്കാര്യത്തില്‍ അത്ര ബലം പിടിക്കേണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. യു.ഡി.എഫനു പുറത്തായതോടെ ബലം ചോര്‍ന്ന അവസ്ഥയിലാണ് പാര്‍ട്ടി. ജോസ് രാഷ്ട്രീയ പക്വത കാട്ടിയില്ലെന്ന ആക്ഷേപം അദ്ദേഹത്തിനൊപ്പം നിന്നവരില്‍ നിന്ന് ഉയരുന്നുണ്ട്.

ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം. എത്ര നാള്‍ ഇങ്ങനെ മുന്നോട്ട് പോകാനാവുമെന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ ആശങ്കയുണ്ട്. രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവുമുള്ള നേതാക്കള്‍ പി.ജെ. ജോസഫിനൊപ്പമാണ് ഉള്ളത്. അവര്‍ ജോസിന്റെ വിശ്വസ്ഥരെ തന്നെ നോട്ടമിട്ടിട്ടുണ്ട്. എത്ര നാള്‍ ഇവരെ ചിറകിന്‍ കീഴില്‍ സൂക്ഷിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ജോസ് കെ. മാണിക്ക് തന്നെ ഉറപ്പില്ല. പുര നിറഞ്ഞ് നില്‍ക്കുന്ന പെണ്ണുള്ള വീടിനു ചുറ്റും കറങ്ങി നടക്കുന്ന പൂവാലന്മാരെ പോലെ എന്‍.ഡി.എ നേതാക്കള്‍ ജോസിനു ചുറ്റും കണ്ണും കലാശവുമായി നടക്കുന്നുണ്ട്. രാജ്യസഭാംഗം കൂടിയായ ജോസിന് ചുറ്റമുള്ള ഈ കറക്കം അപകടകരമായി കാണുന്നത് ജോസിന്റെ വിശ്വസ്ഥര്‍ തന്നെയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ എന്തും കാട്ടാന്‍ മടിയില്ലാത്ത ബി.ജെ.പി, ജോസിനെയെങ്ങാനും തട്ടിക്കൊണ്ടു പോകുമോ എന്ന ഭയവും കൂടെ നടക്കുന്നവര്‍ക്കാണ്.

 


 

Ad Image