അമേരിക്കയില്‍ കൊറോണ വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു എന്ന് തിരിച്ചടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അദ്ദേഹം(ഒബാമ) പ്രാപ്തിയില്ലാത്ത ഒരു പ്രസിഡന്റായിരുന്നു. തികച്ചും ഒന്നിനും കൊള്ളാത്ത പ്രസിഡന്റ്, എനിക്ക് അത്രയെ പറയാന്‍ കഴിയൂ' എന്നാണ് ഒബാമയുടെ വിമര്‍ശനത്തിന് പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് ഒബാമ വിമര്‍ശനം ഉന്നയിച്ചത്. യു.എസില്‍ രോഗവ്യാപനത്തിന്റെ പ്രധാന കാരണം ഭരണകൂടത്തിന്റെ പരാജയമാണെന്നും നിഷ്ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നുമാണ് ഒബാമ പറഞ്ഞത്.
ഇതിന് മുന്‍പ് തന്റെ ഭരണകാലത്തെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയും ഭരണകൂടം ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തിയിരുന്നു.