വര്‍ത്തമാനകാല കേരളത്തിന്റെ പുരോഗമന മനസ്സെന്ന് മുദ്രകുത്തപ്പെട്ട ഒരു സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഗഹനമായ പഠനം ആവശ്യപ്പെടുന്ന ചിത്രമാണത്. അതൊരു സിനിമാനിരൂപണത്തില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല. സിനിമയുടെ ഓരോ വശങ്ങളും സൂക്ഷമമായി വിശകനം ചെയ്യുന്ന ഒരു പരമ്പര യാണിത്.
മനുഷ്യന്‍ എന്തില്‍ ഏര്‍പ്പെട്ടാലും അത് വൃത്തിയായി ചെയ്യണം. അതുകൊണ്ട്, ചെയ്യുന്നത് വൃത്തികേട് ആണെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് വൃത്തിയായി ചെയ്യണം. വൃത്തികേട് വൃത്തികേടായി ചെയ്യേണ്ടി വന്നാല്‍ സ്വാഭാവികമായിട്ടും അത് കൂടുതല്‍ വൃത്തികെട്ട അവസ്ഥയിലേക്ക് നമ്മളെ കൊണ്ടുപോവുകയും ചെയ്യും. ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നായികാ കഥാപാത്രത്തിന് പറ്റിയ പോരായ്മയും ഇവിടെയാണ്.
ഈ ചിത്രത്തിലെ നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രം ഒരു പരാജയപ്പെട്ട അടിമയുടെ കഥയാണ് പറയുന്നത്. എന്നാല്‍ ഈ സിനിമയില്‍ നായികയുടെ ഭര്‍തൃമാതാവിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തിന്റേതാകട്ടെ ഒരു വിജയിച്ച അടിമയുടെ കഥയും. ഒരു വ്യക്തി സ്വയം അടിമയാകാന്‍ തീരുമാനിച്ചാല്‍ ആ വ്യക്തിക്ക് ജീവിതം എന്തെന്ന് അറിയാന്‍ ഒരിക്കലും കഴിയില്ല. വ്യക്തിവികാസം സാംസ്‌കാരികമായി സംഭവിക്കാതെ വരുമ്പോഴാണ് ഒരു വ്യക്തി അടിമത്ത ഭാവത്തിലേക്ക് മാറുന്നത്. ഈ സിനിമയിലെ നായികാ കഥാപാത്രം വിദ്യാസമ്പന്നയും ആധുനികജീവിത രീതികളിലൂടെ ജീവിച്ചു വന്ന വ്യക്തിയുമാണ്. വിദ്യാഭ്യാസത്തിന്റെയോ ആധുനിക ജീവിത രീതിപരിചയത്തിന്റെയോ ഒരു സ്വാധീനവും ഈ നായികയില്‍ പ്രകടമാകുന്നില്ല. ഒടുവില്‍ ഒരു പോരാളിയുടെ കുപ്പായമണിയുന്നു. അപ്പോഴാണ് സാംസ്‌കാരികമായല്ലെങ്കിലും ഈ നായികാ കഥാപാത്രത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലം പ്രകടമാകുന്നത്. വേദനയുടെ പാരമ്യത്തില്‍ നിന്ന് വിദ്വേഷം. വിദ്വേഷത്തില്‍ നിന്ന് പ്രതികാരം. അതിനെ സംവിധായകന്‍ പുരോഗമന സമീപനമായി അവതരിപ്പിച്ചിരികുന്നു. ശരിക്കും പരാജയപ്പെട്ട അടിമ.
സുരാജ് വെഞ്ഞാറമൂട് അവതരിച്ച കഥാപാത്രത്തിന്റെ ഭാര്യയായാണ് നിമിഷയുടെ കഥാപാത്രം കടന്നു വരുന്നത്. ഭര്‍തൃവീട്ടിലേക്ക് വരുന്ന നിമിഷംമുതല്‍ നിമിഷയുടെ പേരില്ലാ കഥാപാത്രം ഒരു അടിമയെ സ്വയം ഏറ്റുവാങ്ങുന്നത് എല്ലാ അംശത്തിലും കാണാം. തുടര്‍ന്ന് തന്റെ അമ്മായിയമ്മയെ പോലെ ഒരു അടിമയാകാന്‍ ഉള്ള തീവ്രശ്രമത്തിലാണ് നായികാ കഥാപാത്രം. ഒരു ഘട്ടത്തില്‍ മകളുടെ ഗര്‍ഭ സംബന്ധമായ ആവശ്യത്തെത്തുടര്‍ന്ന് അവര്‍ ഗള്‍ഫിലുള്ള മകളുടെ അടുത്തേക്ക് പോകുന്നു. തുടര്‍ന്ന് ഭര്‍തൃമാതാവ് ചെയ്തിരുന്ന ചുമതല അതേപടി നിറവേറ്റാന്‍ നായികകഥാപാത്രം നിര്‍ബന്ധിതമാകുന്നു. എല്ലാം അതേ പടി നിശബ്ദമായി ചെയ്യാന്‍ ആ കഥാപാത്രം തീവ്രമായി പരിശ്രമിക്കുന്നു. ഒടുവില്‍ പരാജയപ്പെട്ടു. അതുവരെ സഹിച്ച വേദനയുടെ തള്ളലില്‍ തീവ്രതയില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിനെയും മുഖത്തേക്ക് അഴുക്കുവെള്ളം വലിച്ചെറിഞ്ഞു ഭാര്യാ പദവി അഴിച്ചുവച്ച് നായിക വീടുവിട്ടിറങ്ങുന്നു.
വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തില്‍ എത്തുന്ന നിമിഷംമുതല്‍ നായികാ കഥാപാത്രത്തിന്റെ മുഖത്ത് പ്രകടമാകുന്ന ഭാവം അതൃപ്തിയുടേതാണ്. ആ അതൃപ്തി തന്നെയാണ് ഭര്‍തൃവീട്ടിലെ ഓരോ നിമിഷവും ഒരു അടിമയായി ജീവിക്കാന്‍ നായികാകഥാപാത്രത്തെ പ്രേരിപ്പിക്കുന്നത്. ഈ നായിക ഒരു നിമിഷം പോലും ആ വീട്ടില്‍ രൂപത്തിലൂടെയല്ലാതെ സ്ത്രീ സാന്നിധ്യം കൊണ്ടുവന്നില്ല എന്നുള്ളത് സംവിധായകനില്‍ കയറിക്കൂടിയ ചില അബദ്ധമായ വര്‍ത്തമാനകാല ധാരണകള്‍ തന്നെയാണ്. ഒരു സ്ത്രീ അടിമത്തത്തിലേക്കു നീങ്ങുന്നത് അവളില്‍ നിന്ന് സ്ത്രീത്വം അപ്രത്യക്ഷമാകുമ്പോഴാണെന്നും ഈ സിനിമ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.
സിനിമ കലയായി മാറുന്നത് അത് കൈകാര്യം ചെയ്യുന്ന വിഷയത്തെ സമഗ്രവും ആസ്വാദ്യവുമായി അവരിപ്പിക്കുമ്പോഴാണ്. ഇത് രണ്ടും ഈ സിനിമയ്ക്ക് അപ്രാപ്യമായി നില്‍ക്കുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തിലെ ചില യാഥാര്‍ത്ഥ്യങ്ങളെ അല്പം അതിശയോക്തിയിലും ആവര്‍ത്തന വിരസതയിലുടെയും കാണിക്കുകയും ചെയ്യുന്നുണ്ട്. എന്തും കലാപരം ആകുന്നത് അവിടെ സര്‍ഗ്ഗാത്മകത പ്രവര്‍ത്തിക്കുമ്പോഴാണ്. ജീര്‍ണ്ണതയോട് ഈ സിനിമയില്‍ സര്‍ഗ്ഗാത്മകമായ ഒരു പ്രതികരണവും നടക്കുന്നില്ല. മറിച്ച് വിനാശകരമായ അബദ്ധസമീപനത്തെ മഹത്വവത്കരിച്ച് ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അടിമത്തം ബാഹ്യമായ അവസ്ഥയല്ല. അതില്‍ നിന്ന് പുറത്ത് വരാതെ സ്വാതന്ത്ര്യത്തിന്റെ മധുരം അറിയാന്‍ കഴിയില്ല. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ നായിക അടിമയുടെ പരാജയഘോഷയാത്രയിലാണ് ഏര്‍പ്പെടുന്നത്. അതിനാകട്ടെ വന്‍ കൈയ്യടി ലഭിക്കുന്നു. സാമൂഹികമായി ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നതും അതാണ്.
(തുടരും )
Part 1 പെണ്‍ പേടിത്തൊണ്ടന്മാരായ ആണുങ്ങള്‍ ഒരുക്കുന്ന കെണി;'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'