വര്‍ത്തമാനകാല കേരളത്തിന്റെ പുരോഗമന മനസ്സെന്ന് മുദ്രകുത്തപ്പെട്ട ഒരു സംസ്‌കാരത്തെ വിളിച്ചറിയിക്കുന്ന സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഗഹനമായ പഠനം ആവശ്യപ്പെടുന്ന ചിത്രമാണത്. അതൊരു സിനിമാനിരൂപണത്തില്‍ മാത്രമായി ഒതുങ്ങേണ്ടതല്ല. അതിനാല്‍ സിനിമയുടെ ഓരോ വശങ്ങളും സൂക്ഷമമായി വിശകനം ചെയ്യുന്ന ഒരു പരമ്പര ആരംഭിക്കുന്നു.
സ്ത്രീകളുടെ കാര്യം കഷ്ടം തന്നെ. എന്നും അവര്‍ ആണുങ്ങളാല്‍ കബളിപ്പിക്കപ്പെടുന്നു .അതിന്റെ ഫലമായി അവര്‍ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ട് ജീവിതം നീക്കുന്നു . മനുഷ്യ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഉതകുന്ന വിധം ഒരു സമ്പൂര്‍ണ്ണ സാങ്കേതിക വിദ്യ ലഭ്യമായത്. ആയുധങ്ങളുടെ അല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ് ഒരുപരിധിവരെ സ്ത്രീകളെ പുരുഷന്മാര്‍ക്ക് അടിമകളാക്കി തുടരാന്‍ സാഹചര്യം ഒരുക്കിയത്. കാരണം പേശീബലം ആവശ്യമുള്ള ആയുധങ്ങള്‍ ആയിരുന്നു ഡിജിറ്റല്‍ സാങ്കേതിക വിദ്യ വരെ മനുഷ്യരാശിയെ മുന്നോട്ടു നയിച്ചത്. പരിമിതിയെ അതിജീവിക്കുന്ന ആയുധമാണ് അല്ലെങ്കില്‍ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യ. ഈ സാങ്കേതിക വിദ്യ ഇതിനകം തന്നെ സൃഷ്ടിച്ച മാറ്റങ്ങള്‍ മനുഷ്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം. അതാകട്ടെ വെറും തുടക്കത്തിന്റെ ആരംഭം മാത്രം. എന്നാല്‍ ഈ പശ്ചാത്തലത്തിലാണ് പെണ്ണിന്റെ ശക്തിയെ പേടിക്കുന്ന ആണ്‍ കേസരികളാല്‍ നയിക്കപ്പെടുന്ന കമ്പോളം പുതിയ തന്ത്രം ആവിഷ്‌കരിച്ചത്. അത് ഏതാണ്ട് വിജയിക്കുന്ന രീതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. ആ സംസ്‌കാരത്തിന്റെ പ്രകടനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' എന്ന ജിയോ ബേബി സംവിധാനം ചെയ്ത മലയാള സിനിമ. ഒരര്‍ത്ഥത്തില്‍ സ്ത്രീയെ വെറും അടിമയാക്കി തെല്ലും വ്യക്തിത്വമില്ലാത്ത ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പറഞ്ഞിരിക്കുന്ന കഥ .
ഈ സിനിമ സ്ത്രീപക്ഷ, വിമോചന, പുരോഗമന സ്വഭാവം പുലര്‍ത്തുന്ന വര്‍ത്തമാനകാല പ്രസക്തിയുള്ള ചിത്രമായി പ്രത്യക്ഷത്തില്‍ തോന്നാം. അതുകൊണ്ടു തന്നെയാണ് സിനിമയ്ക്ക് അനുകൂലമായി ഒട്ടേറെ സ്ത്രീകള്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്. സ്വാഭാവികമായും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന ചിന്താധാരയാണ് ഈ സിനിമ വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടു തന്നെ മുഖ്യധാരാ മാധ്യമങ്ങളും, വിശേഷിച്ചും ചാനലുകള്‍, ഒരു താദാത്മ്യ ഭാവത്തോടെ ഈ സിനിമയുടെ സ്ത്രീപക്ഷ സ്വഭാവത്തെ അല്ലെങ്കില്‍ സ്ത്രീ വിമോചനത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.
കുറ്റവാസന ഉള്ള അല്ലെങ്കില്‍ ഒരു കുറ്റവാളിയായ ആണിന്റെ സ്വഭാവത്തെ പെണ്ണില്‍ നിക്ഷേപിച്ച് പെണ്ണിനെ അക്രമോത്സുകതയിലേക്ക് നയിക്കുന്നതാണ് സ്ത്രീപക്ഷം അല്ലെങ്കില്‍ സ്ത്രീവിമോചനം എന്ന പൊതു ധാരണ മാധ്യമങ്ങളിലുടെ സൃഷ്ടിച്ചെടുക്കുന്നതില്‍ കമ്പോളം വിജയിച്ചിട്ടുണ്ട്. അക്രമം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അതാണ് വര്‍ത്തമാനകാല സ്ത്രീകള്‍ ചെയ്യേണ്ടതെന്നും ഉള്ള ഒരു മാതൃക. വര്‍ത്തമാന കാലത്തെ സ്ത്രീ സഹികെട്ടവള്‍ ആണ്. അതില്‍ സംശയം ഇല്ല. എന്നാല്‍ അതില്‍ നിന്നുള്ള മോചനത്തിന് അക്രമം അഥവാ വയലന്‍സ് അല്ല പരിഹാരം എന്നുള്ളത് അറിയാതെ പോകുന്നു.
പെണ്‍ പേടിത്തൊണ്ടന്മാരായ ആണുങ്ങള്‍ ഒരുക്കുന്ന കെണിയില്‍ നിഷ്പ്രയാസം പെണ്ണുങ്ങള്‍ വീണു പോകുന്നു. ഈ സിനിമയെ തുണച്ചു കൊണ്ട് സ്ത്രീ ജനങ്ങള്‍ മുന്നോട്ടു വന്നിട്ടുള്ളതും അതിനു തെളിവാണ്. ഏത് പ്രതിസന്ധിയിലും മനുഷ്യസമൂഹത്തിന് തുണയായി നില്‍ക്കുന്നത് സര്‍ഗാത്മകതയാണ്. ഇവിടെ ആ സര്‍ഗ്ഗാത്മകതയെ ഒരു ശതമാനം പോലും കാണാന്‍ കഴിവില്ലാത്ത തിരക്കഥാകൃത്തിനെയും സംവിധായകനെയും ആണ് ഈ സിനിമ വ്യക്തമാക്കുന്നത്. വര്‍ത്തമാനകാല മലയാളി സമൂഹത്തിന്റെ മുരടിച്ച സര്‍ഗാത്മകയുടെ നേര്‍ച്ചിത്രമായും 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.
സര്‍ഗ്ഗാത്മകത ലവലേശമില്ലാത്ത ഈ സിനിമ ഗൗരവമായ പഠനം അര്‍ഹിക്കുന്നു. മനുഷ്യന്‍, കാലം, ഈ രണ്ടു വിഷയങ്ങളെക്കുറിച്ച് സൂക്ഷ്മവും ഗഹനവുമായ നിരീക്ഷണങ്ങളും അതിന്റെ ആധാരത്തില്‍ മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ് ഏതു കലയും. ആ നിലയ്ക്ക് നോക്കുമ്പോള്‍ തരി കലാംശം പോലും ഈ സിനിമയില്‍ ഇല്ല. അതിന്റെ പേരില്‍ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന പാകപ്പിഴകളും തിരക്കഥയില്‍ കടന്നു കൂടിയിട്ടുള്ളതു കാണാം.
(തുടരും )