കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ച് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ എതിരാളികള്‍ പോലും പ്രതീക്ഷവച്ചിരുന്നു. ആ വിജയത്തില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു, ഗുജറാത്ത് മോഡലും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ-തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഡല്‍ഹി ഒഴിച്ചാല്‍ ബി.ജെ.പി മിന്നും വിജയം നേടി. അവിടെയും മോഡി തരംഗം പ്രതിഫലിച്ചു. രാഷ്ട്രീയ നിരീക്ഷകര്‍ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍വരെ 2019 ലെ തിരഞ്ഞെടുപ്പിലേക്ക് നോക്കേണ്ടതില്ല എന്ന് വിലയിരുത്തി. 2019 ന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഉത്തര്‍ പ്രദേശ് തിരഞ്ഞടുപ്പിലെ വിജയം കൂടിയായതോടെ ആ വിലയിരുത്തലിന് കൂടുതല്‍ സാധൂകരണമുണ്ടായി. എന്നാല്‍ യു.പിയില്‍ നിന്ന് ഗുജറാത്തിലെത്തുമ്പോള്‍ ആ വിലയിരുത്തലുകളെ ആസാധുവാക്കുകയാണ് പല ഘടകങ്ങളും.
അതില്‍ ഒന്നാമത്തെ കാര്യം മോഡി പ്രഭാവത്തിലുണ്ടായിരിക്കുന്ന മങ്ങലാണ്. കുറേ സ്വപ്‌നങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നത് പോയിട്ട്, അതിനെ സ്വപ്നങ്ങളായി നിലനിര്‍ത്താന്‍ വരെ മോഡിക്ക് കഴിയുന്നില്ല. വലിയ മാറ്റങ്ങള്‍ മോഡിയിലൂടെ ജനം ആഗ്രഹിച്ചിരുന്നു. കരുത്തനായ നേതാവില്‍ നിന്ന് കേവലം പ്രാസംഗികന്‍ എന്ന തലത്തില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ തുടങ്ങിയിരിക്കുന്നു. തെറ്റായ സാമ്പത്തിക പരിഷ്‌കരണങ്ങളും കുത്തക മുതലാളി പ്രീണന നയവും കര്‍ഷക വിരുദ്ധതയും എല്ലാം മോഡി പ്രഭക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരിക്കുന്നു. യുവാക്കളുടെ പ്രതീക്ഷയായിരുന്നു അദ്ദേഹമെങ്കിലും അതും മാറിത്തുടങ്ങി.
രണ്ടാമത്തെ കാര്യം ഗുജറാത്ത് മോഡലിന്റെ മറവിയാണ്. നരേന്ദ്ര മോഡിയെന്ന നേതാവിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ അറിഞ്ഞു തുടങ്ങിയതും ആഭിമുഖ്യമുണ്ടായിത്തുടങ്ങുന്നതും ഗുജറാത്തിലെ വികസന മാതൃകയിലൂടെയാണ്. അതിനെ ഉയര്‍ത്തിക്കാട്ടാത്ത തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഒരു സ്ഥലത്തും ബി.ജെ.പി സംഘടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി ഗുജറാത്തില്‍ തന്നെ അത് സംഭവിച്ചു. കഴിഞ്ഞ 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന നാടാണ് ഗുജറാത്ത്. ഇക്കാലമത്രയും തങ്ങള്‍ എന്ത് നേട്ടമുണ്ടാക്കിക്കൊടുത്തെന്ന് പറയുന്നതിനു പകരം പാക്കിസ്ഥാന്‍ പരാമര്‍ശവും കോണ്‍ഗ്രസിനെ കടന്നാക്രമിക്കലുമായി ബി.ജെ.പിയുടെ പ്രചാരണം ചുരുങ്ങിപ്പോയിരിക്കുന്നു.
മൂന്നാമത്തെ കാര്യം സംഘപരിവാര്‍ സംഘടനകള്‍ അധികാര തണലില്‍ മറയില്ലാതെ നടത്തുന്ന അക്രമങ്ങളാണ്. അത് അഹിന്ദുക്കളില്‍ മാത്രമല്ല ഹിന്ദുക്കളിലെ തന്നെ ചില വിഭാഗങ്ങളിലും അരക്ഷിതബോധം ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ ഉത്പന്നമാണ് ജിഗ്‌നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും. ബി.ജെ.പി പ്രചരണത്തിന്റെ തുടക്കത്തില്‍ ഈ യുവ നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിഞ്ഞു. അതൊരുപക്ഷേ അവരുടെ ജനപിന്തുണ കണ്ടിട്ടാകാം. എന്നാല്‍ ജിഗ്‌നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും തങ്ങളുടെ പ്രചരണറാലികളില്‍ നരേന്ദ്ര മോഡിക്കെതിരെയും ബി.ജെ.പിക്കെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തുന്നുമുണ്ട്.
മുകളില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കാര്യമായി പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിനൊത്ത് ഉയര്‍ന്നുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വരെ രാഹുലിനെ തമാശക്കാരനെന്നും പപ്പുവെന്നും അമുല്‍ ബേബിയെന്നും വിളിച്ചിരുന്നവര്‍ മോഡിയുടെ മുഖ്യ എതിരാളി അദ്ദേഹത്തെ കാണാന്‍ തുടങ്ങിയിരിക്കുന്നു. രാഹുലിന്റെ ശൈലിമാറ്റവും ഉണര്‍വുള്ള പ്രവര്‍ത്തനവും ബി.ജെ.പി.യെ സ്വന്തം തട്ടകത്തില്‍ വെള്ളം കുടിപ്പിക്കുകയാണ്. രാഹുലിന്റെ മാറ്റത്തെ മോഡിപോലും അംഗീകരിക്കുന്നു, പ്രചരണ പ്രസംഗങ്ങളില്‍ രാഹുലിനെയും കോണ്‍ഗ്രസിനെയുമാണ് മോഡി കൂടുതലായും പരാമര്‍ശിക്കുന്നത്.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങളില്‍ പൊതുവായി പ്രതിപാദ്യ വിഷയമാകുന്നത് ഹിന്ദുത്വ നിലപാടാണ്. ബി.ജെ.പി ഹിന്ദുതത്വ പാര്‍ട്ടിയാണെന്ന കാര്യം പറയുമ്പോള്‍, മതേതര പാര്‍ട്ടിയെന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന കോണ്‍ഗ്രസ് തങ്ങളും ഹിന്ദുത്വത്തെ അനുകൂലിക്കുന്നെന്ന നിലപാട് സ്വീകരിക്കുകയാണ്. അതായത് ജാതി പറഞ്ഞുള്ള പ്രചരണം. ജിഗ്‌നേഷും ഹര്‍ദിക്കും ചെയ്യുന്നതും അതു തന്നെ സ്വന്തം ജാതിക്കായി വോട്ടെന്ന ആശയം.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് ഗുജറാത്ത്. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാള്‍ രാജ്യം ഉറ്റുനോക്കുന്നത് ഗുജറാത്തിലേക്കാണ്. ദേശീയതലത്തില്‍ ഗുജറാത്തിലെ സംഭവ വികാസങ്ങള്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. അത് മഹാത്മാ ഗാന്ധിയില്‍ തുടങ്ങി മൊറാര്‍ജി ദേശായിയിലൂടെ നരേന്ദ്ര മോഡിയില്‍ എത്തി നില്‍ക്കുന്നു. ഇനി എങ്ങോട്ട് എന്നതാണ് ചോദ്യം. എന്തായാലും ഒരു കാര്യം ഉറപ്പായിരിക്കുന്നു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരാളി ഉണ്ടാകും ഒപ്പം മോഡിക്കും.
ലൈഫ് ഗ്ലിന്റ് സബ് എഡിറ്ററാണ് അമല്‍ കെ.വി