വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് പുതിയ വാര്‍ത്തയല്ല. ഒരുപക്ഷെ പത്ത് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് വലിയ വാര്‍ത്തയും ചര്‍ച്ചയും ആകുമായിരുന്നു. എന്നാല്‍ ഇന്ന് വയസ്സുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പീഡന കേസുകളില്‍ പ്രതിയാകുന്നതാണ് വാര്‍ത്ത. കഴിഞ്ഞ ദിവസംവരെ ഇത്തരത്തില്‍ പ്രതിയാകുന്ന കുട്ടികളുടെ വയസ്സ് പത്തില്‍ താഴെ പോയിട്ടുണ്ടായിരുന്നില്ല. ഒടുവില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിയുടെ പേരില്‍ പീഡന കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നു. സ്വന്തം സഹപാഠിയുടെ സ്വകാര്യഭാഗത്ത് പെന്‍സില്‍ കൊണ്ട് പരിക്കേല്‍പ്പിച്ചു എന്നാണ് നാലര വയസ്സുകാരനെതിരെ ഉയരുന്ന കുറ്റം. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആ ബാലനെ വിശേഷിപ്പിച്ചത് ലൈംഗിക അക്രമി എന്നാണ്.
യഥാര്‍ത്ഥത്തില്‍ കുറ്റം ചെയ്തത് ആരാണ്? ആ നാലര വയസ്സു കാരനാണോ? നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണത്. അത്രയും പ്രായമുള്ള ആ കുട്ടിക്ക് ലൈംഗികതക്ക് ഉപയോഗിക്കുന്ന സ്വന്തം അവയവം ഏതെന്നോ എതിര്‍ ലിംഗത്തിലുള്ളവരുടെ അവയവം ഏതെന്നോ അറിയില്ലെന്നത് ഉറപ്പാണ്. ആകെ അവന് അറിയാന്‍ സാധ്യതയുള്ളത് തന്റെ വിസര്‍ജ്യം പോകുന്ന ഭാഗങ്ങള്‍ ഏതെന്നായിരിക്കും. ഇനി ആക്രമണത്തിന് ഇരയായ കുട്ടിയുടെ കാര്യമെടുത്താല്‍ ഇന്ന് പലരും പറയുന്ന പോലെ പീഡനത്തിനാണ് താന്‍ വിധേയയായത് എന്ന് അവള്‍ക്കറിയുമോ? ആ കുട്ടിയുടെ മാതാപിതാക്കളാണ് തങ്ങളുടെ കുട്ടി പീഡനത്തിനിരയായെന്ന് പറഞ്ഞ് പരാതി നല്‍കിയത്.
ആ മാതാപിതാക്കളെ അത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അവര്‍ക്ക് ചുറ്റുമുള്ള സമൂഹമാണ്. ഒരു വ്യക്തി ഏത് സാമൂഹത്തിലാണോ ഉള്‍ക്കൊള്ളുന്നത് അവിടെ നിന്ന് ലഭിക്കുന്ന മൂല്യങ്ങളും ചിന്തകളുമായിരിക്കും അവനെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് പീഡനം എന്നത് പലരീതിയില്‍ പല അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഒരു വാക്കാണ്. ആ വ്യാഖ്യാനങ്ങളുടെ പ്രതിഫലനങ്ങള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു പൊതു ബോധവും കാലികലോകത്ത് നിലനില്‍ക്കുന്നു. ആ പൊതുബോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ആ നാലര വയസ്സുകാരനും, പെണ്‍കുട്ടിയും അവളുടെ കുടുംബവും.
ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തെയും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. ആ കൊലയ്ക്ക് പിന്നില്‍ അതേ സ്‌കൂളിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അവിടെയും നമുക്ക് പ്രത്യക്ഷത്തില്‍ തെറ്റുകാരനായ പതിനൊന്നാം ക്ലാസുകാരനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാകില്ല. അവന്റെ കുടുംബത്തിലെ ഇമ്പമില്ലായ്മയാണ് അത്തരത്തില്‍ ഒരു ഹീനകൃത്യം ചെയ്യുന്നതിലേക്ക് നയിച്ചത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കുറ്റകൃത്യങ്ങളും അവിഹിതവും ലഹരിയുപയോഗവും ഒക്കെയാണ് ഇന്ന് സ്വീകരണ മുറിയിലേയ്ക്കും രാവിലെ ഉമ്മറത്തേക്കും വാര്‍ത്തയായും വിനോദമായും എത്തുന്നത്. അത് പ്രായമായവരില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്നുണ്ടെങ്കില്‍ കുട്ടികളുടെ കാര്യം എന്തായിരിക്കും. ദാ ഇപ്പോള്‍ ഒരു എട്ടും പൊട്ടും തിരിയാത്ത കുട്ടിയെ കിട്ടിയിരിക്കുന്നു. അവനെ ലൈംഗീകാതിക്രമിയാക്കുന്നു. ഇത് വരുത്തിവയ്ക്കുന്ന അപകടം വളരെ വലുതായിരിക്കും. നാളെ നമ്മുടെ അംഗണവാടിയില്‍ മുതല്‍ പഠിക്കുന്ന കുട്ടികള്‍ തന്റെ സഹപാഠി തന്നെ തൊടുന്ന രീതിയാകും ശ്രദ്ധിക്കുക. മാതാപിതാക്കളും. ഇപ്പോള്‍ ആണ്‍കുട്ടി പെണ്‍കുട്ടിയെ ആക്രമിച്ചു എന്നാണ് പരാതി വന്നിട്ടുള്ളത്. ഭാവിയില്‍ അത് നേരെ തിരിച്ചും ഉണ്ടാകാം. ആണേതാ പെണ്ണേതാ എന്ന് തിരിച്ചറിയാത്ത പ്രായത്തില്‍ കുട്ടികള്‍ പീഡനത്തെക്കുറിച്ചറിയും. ഇരയാക്കപ്പെടും പ്രതിയാക്കപ്പെടും...