ലൈംഗിക സംബന്ധ വിഷയങ്ങള്‍. അത് മനുഷ്യരാശിയുടെ ആവിര്‍ഭാവത്തോടെ തുടങ്ങി. അവസാനിക്കുന്നത് മനുഷ്യരാശിയുടെ നാശത്തോടെയുമാണ്. വ്യഭിചാരത്തിന്റെ കാര്യവും ഇതുതന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമായിരുന്നു സോളാര്‍ അപവാദം. അതിനെ ഏതെല്ലാം വിധത്തില്‍ പ്രയോഗിക്കാമോ ആ രീതിയിലെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉുപയോഗിക്കുകയുണ്ടായി. ഇടതുപക്ഷം ഭരണത്തില്‍ കയറി നാളുകള്‍ കഴിഞ്ഞിട്ടും വങ്ങര ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരെക്കെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത്.
ഇപ്പോള്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതിന് ശേഷം മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സാങ്കേതികമായി ഈ നടപടിയെ സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും ന്യായീകരിക്കാന്‍ വാദമുഖങ്ങളുണ്ട്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്കത് ബോധ്യമാകണമെന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എതിര്‍ മുന്നണിയെ കരിതേച്ച് കാണിച്ച് വോട്ട് നേടാനുള്ള തന്ത്രമായേ അതിനെ സ്വാഭാവികമായും കാണാന്‍ കഴിയുകയുള്ളൂ. ക്രൈംബ്രാഞ്ച് സ്വമേധായാ സ്വീകരിച്ച നടപടി ആണെങ്കില്‍ പോലും, അത് തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവക്കാന്‍ തീരുമാനമെടുക്കുമ്പോഴാണ് ഒരു ഭരണാധികാരിയുടെ അധികാരത്തിന് മാനങ്ങള്‍ കൈവരുന്നത്. അപ്പോഴാണ് ആ വ്യക്തിയില്‍ സമൂഹത്തിന് വിശ്വാസ്യതയുണ്ടാകുന്നത്. ആ വിശ്വാസ്യതയാണ് ഒരു ഭരണാധികാരിക്ക് ഏറ്റവും അത്യാവശ്യം. ഭരണാധികാരി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരണമെങ്കില്‍ ജനങ്ങളുടെ സഹകരണവും പിന്തുണയും ആവശ്യമാണ്. ഇവിടെ അത് നഷ്ടപ്പെടുത്തിയിരിക്കുന്നു.
കാര്യ സാധ്യത്തിന് വേണ്ടി ലൈംഗികതയെ സ്വയം ഉപയോഗിക്കുന്നവരും അത് സ്‌പോണ്‍സര്‍ ചെയ്യുന്നവരും സമൂഹത്തിലുണ്ടാകും. അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തെ ബാധിക്കും. ഇവിടെ സ്വകാര്യത ദോഷവശങ്ങളെ ഒരു പരിധിവരെ പരിമിതപ്പെടുത്തുന്നു. എന്നാല്‍ ഇത്തരം വിഷയങ്ങളെ കാര്യസാധ്യത്തിനായി പൊതുജനമധ്യത്തില്‍ പ്രയോഗിക്കുന്നത് ലൈംഗികതയെ സ്വകാര്യ നേട്ടത്തിന് ഉപയോഗിക്കുയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നവരുടെ നിലവാരത്തേക്കാളും വളരെ താഴ്ന്ന പ്രവര്‍ത്തിയാണ്. ഇത് ഒരു സമൂഹത്തിന്റെ അവശേഷിക്കുന്ന സന്ധി ബന്ധങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് നയിക്കും. വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ.
സ്ത്രീസുരക്ഷയെ മുന്‍നിര്‍ത്തി കൊണ്ടുവന്നിട്ടുള്ള നിയമം ഇവ്വിധം ഉപയോഗിക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ സ്ത്രീ സുരക്ഷയുടെ മാത്രമല്ല. സ്ത്രീയും ലൈംഗികതയും ഒക്കെ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്നും അവ രാഷ്ട്രീയമായി എങ്ങിനെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു എന്നും തെളിഞ്ഞ് വരുന്നത് കാണാം. ജനായത്തം എന്ന് പറയുന്നത് മനിഷ്യ സമൂഹം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉദാത്തമായ ധാര്‍മ്മികതയുടെ സാമൂഹ്യ വ്യവസ്ഥിതിയാണ്. ഇവിടെ നിന്നാണ് കേരളം ധാര്‍മ്മികതയെക്കുറിച്ച് ചിന്തിക്കേണ്ടത്.