വനിതാ മതില്‍ തങ്ങളുടെ ചെലവിലാണ് നടത്തുന്നതെന്ന് സമ്മതിച്ച് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കിവെച്ച 50 കോടിയില്‍ നിന്നാണ് വനിതാ മതിലിനായി പണം ചെലവഴിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പരിപാടിക്ക് ശേഷം എത്ര രൂപ ചെലവായെന്ന് ബോധിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. പ്രളയ ഫണ്ട് ഉപയോഗിക്കില്ലെന്ന സര്‍ക്കാര്‍ വിശദീകരണവും കോടതി രേഖപ്പെടുത്തി.
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരത്തിലുള്ള പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് നീക്കിവെച്ച തുക വിനിയോഗിച്ചില്ലെങ്കില്‍ ആ തുക നഷ്ടമാകും. എന്നാണ് വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതില്‍ കോടതിക്കു മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം
മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു.