കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി. പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ശരിയായ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും കോടതി വിലയിരുത്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.
പഴയ കേസായതിനാല്‍ കാലതാമസം ഉണ്ടാകുക സ്വാഭാവികമാണ്. തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കും. പരാതിക്കാരിക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം രാവിലെ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യംമൂലമാണ് അറസ്റ്റ് വൈകുന്നതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും 27 പേജുകളുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ കൂടി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഇങ്ങനെയൊരു നിരീക്ഷണത്തില്‍ എത്തിയത്.