ഷുഹൈബ് വധക്കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി പോലീസിനോട് ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന പരാമര്‍ശം ഗുരുതരമാണെന്ന് കോടിതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കവെ വെട്ടേറ്റ ഷുഹൈബിന്റെ ചിത്രം ജഡ്ജി ഉയര്‍ത്തിക്കാട്ടി ഒരു മനുഷ്യനെ ചെയ്ത് വച്ചിരിക്കുന്നത് കണ്ടോ എന്ന് ചോദിച്ചു.
നിലവില്‍ കേസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. സി.പി.എം ആവശ്യപ്പെടുന്ന രീതിയിലാണ് കേസ് അന്വേഷണം നീങ്ങുന്നത്. കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമാണുള്ളതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.