Skip to main content

oppam movie poster

 

“ചിന്നമ്മാ അടി കുഞ്ഞി പെണ്ണമ്മാ...” ഇങ്ങനെ തുടങ്ങുന്ന ഗാനവുമായി, കായലിന്‍റെയും ബോട്ടിന്റെയും ചെണ്ടവാദ്യത്തിന്റെയും ഗ്രാമീണ അന്തരീക്ഷത്തില്‍ തുടങ്ങുന്ന സിനിമ, പിന്നീട് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് ഫ്ലാറ്റിലേക്കും നഗരത്തിലേക്കുമാണ്. നഗരത്തിലെ ഒരു ഫ്ലാറ്റിലെ ലിഫ്റ്റ്‌ ഓപ്പറേറ്റര്‍ ജയരാമനായാണ്‌ മോഹന്‍ ലാല്‍ ഇതില്‍ വേഷമിടുന്നത്. റിട്ടയേഡ് ജഡ്ജിയുടെ വിശ്വസ്ഥനാണ് അന്ധനായ ജയരാമന്‍. ജഡ്ജി സംരക്ഷിക്കുന്ന കുട്ടി നന്ദിനിയുടെ ലോക്കല്‍ ഗാര്‍ഡിയനും ജയരാമന്‍ തന്നെ.

 

ജയരാമനും ബേബി മീനാക്ഷി അവതരിപ്പിക്കുന്ന നന്ദിനിയുമായുള്ള സീനുകളെല്ലാം മനസ്സിനെ പിടിച്ചിരുത്തുന്നവയാണ്. അവര്‍ക്കിടയിലുള്ള സ്നേഹം ‘രാമച്ചാ’ എന്ന വിളിയില്‍ തന്നെയുണ്ട്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫ്ലാറ്റില്‍ കഴിയുന്ന ദേവയാനിയുടെ വേഷത്തില്‍ വിമല രാമനും പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗംഗയായി അനുശ്രീയും. മാമുക്കോയയുടെ വേഷം ഒപ്പത്തിന്റെ ആസ്വാദനത്തില്‍ മാറ്റിനിര്‍ത്താന്‍ ആവില്ല. വീരനെ ബീരാന്‍ എന്നും രാമന്‍കുട്ടിയെ റഹ്മാനെന്നും വിളിച്ച് ആളെ കുഴപ്പിക്കുന്ന കുഞ്ഞിക്കയെന്ന സെക്യൂരിറ്റിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്നു അദ്ദേഹം.

 

അന്ധനെങ്കിലും അതിനെ മറികടക്കുന്ന രീതിയില്‍ മറ്റ് ഇന്ദ്രിയങ്ങളില്‍ അപാരമായ കഴിവുകള്‍ക്ക് ഉടമയാണ് ജയരാമന്‍. ഒരു കൊലപാതകം ആദ്യം അറിയുന്ന അയാളുടെ മേല്‍ അതിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കുകയാണ് പോലീസുകാര്‍. എങ്ങനെയെങ്കിലും കേസ് തീര്‍ക്കണം എന്ന പോലീസ് സ്വഭാവത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് സിനിമയില്‍. അതേസമയം ആത്മാര്‍ഥതയോടുള്ള ഗംഗയുടെ സമീപനവും ഇതിന്റെ മറുവശത്ത് അവതരിപ്പിക്കുന്നു.

 

തുടര്‍ന്ന്‍, ജയരാമന്‍ നന്ദിനിയെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ കഥ പുരോഗമിക്കുന്നു. സ്വന്തം കുടുംബം മരിച്ചുകിടക്കുന്നത് നേരില്‍ കാണേണ്ടി വന്ന് മനോനില തെറ്റിയ കൊലയാളിയുമായാണ് ജയരാമന്റെ ഏറ്റുമുട്ടല്‍. അടുത്തത് എന്ത് സംഭവിക്കും, ആര് ആരെ കൊല്ലും, എങ്ങനെ രക്ഷിക്കും എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇട്ടുകൊടുത്തുകൊണ്ട് ഓരോ സീനിലും സസ്പെന്‍സ് നിറച്ചിരിക്കുന്നു, ഈ ത്രില്ലര്‍.

 

ജയരാമന്റെ പ്രശ്നങ്ങളില്‍ കൂടെനില്‍ക്കാത്ത കുടുംബവും ആരുമല്ലാഞ്ഞിട്ടും സ്നേഹിക്കുന്ന നന്ദിനിയും ബന്ധങ്ങളുടെ വ്യത്യസ്തതയെ സൂചിപ്പിക്കുന്നു. എല്ലായിടത്തും സംഭവിക്കുന്ന ഒരു കഥയല്ല ഇത്. എന്നാല്‍പ്പോലും പ്രേക്ഷകരെ നിറയ്ക്കാന്‍ കഴിയുന്നു, ഒപ്പത്തിന്, ഓരോ തിയറ്ററിലും.

 

ചില സീനുകളില്‍ ജയരാമന്റെ ശക്തി മാനുഷികമാണോ എന്ന സംശയം ജനിപ്പിക്കും. അതുപോലെ മോഹന്‍ ലാല്‍ പറയുന്ന ഒരു സംഭാഷണം യഥാര്‍ത്ഥത്തില്‍ പ്രിയദര്‍ശന്‍ തന്നില്‍ നിന്ന്‍ വിഹാഹമോചനം നേടിയ ലിസിയോട്‌ പറയുന്നതാണോ എന്ന് സംശയം തോന്നിയാലും അത്ഭുതമില്ല.

 

മോഹന്‍ ലാലിന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി പ്രേക്ഷകനെ ആസ്വദിപ്പിക്കുന്നു എന്നതുതന്നെ ഒപ്പത്തിന്റെ ഏറ്റവും വലിയ നേട്ടം. 4 മ്യുസിക്സ് ബാന്‍ഡ് ഒരുക്കിയ ഗാനങ്ങള്‍ ശ്രദ്ധേയം. എന്‍.കെ എകാംബരത്തിന്റെ ക്യാമറയും അനുമോദിക്കപ്പെടേണ്ടത് തന്നെ. കേരള ഗ്രാമത്തിന്റെ ഭംഗിയും ഊട്ടിയുടെ മനോഹാരിതയും കഥാപാത്രങ്ങളുടെ ഭാവവ്യത്യാസങ്ങളും ഭംഗി ചോരാതെ ഒപ്പിയെടുക്കാന്‍ ആയിട്ടുണ്ട് അദ്ദേഹത്തിന്റെ ക്യാമറയ്ക്ക്.

 

ചുരുക്കത്തില്‍ പ്രിയദര്‍ശന്‍-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രം, കിലുക്കം തുടങ്ങിയ ഹിറ്റുകളുടെ ഒപ്പം നിര്‍ത്താന്‍ കഴിയുന്ന ചിത്രം തന്നെയാണ് ഒപ്പവും.   

Tags