കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വേര്‍തിരിക്കാനാവാത്ത സമാനതകള്‍ കര്‍ണാടക തിരഞ്ഞെടുപ്പിലുടനീളം പ്രകടമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. കോണ്‍ഗ്രസിലെ കേന്ദ്ര നേതൃത്വത്തിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്താണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് അപ്രമാദിത്വം ഉറപ്പിച്ചത്. വളരെ വിനാശകരമായ രീതിയിലുള്ള ജാതി-മത ഘടകങ്ങളെ പരസ്യമായി ഇളക്കി മറിച്ചുകൊണ്ടായിരുന്നു സിദ്ധരാമയ്യ 'അഹിന്ദ' രാഷ്ട്രീയം ബി.ജെ.പിക്കെതിരെ കളിച്ചത്. സിദ്ധരാമയ്യയുടെ 'അഹിന്ദ' രാഷ്ട്രീയമാണ് ഈ പരാജയത്തിന് കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൗലി ഉള്‍പ്പെടയുള്ള കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. യാഥാര്‍ത്ഥ്യങ്ങളെ നേരിട്ട് കാണാനുള്ള ശേഷി കോണ്‍ഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഉണ്ടായില്ല എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
പ്രാദേശിക തലത്തിലുള്ള ശക്തമായ സംവിധാനം, സംഘപരിവാറിന്റെ സംഘടനാ ശേഷി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അനിതര സാധാരണമായ സംഘടനാ പാടവം, പ്രധാനമന്ത്രി മോഡിയുടെ വ്യക്തി വൈഭവം ഇവയെല്ലാം മറുപക്ഷത്ത് നില്‍ക്കുമ്പോഴാണ് സിദ്ധരാമയ്യ പ്രാദേശിക വികാരവും ജാതി മത സമവാക്യങ്ങളും മാറ്റിമറിച്ചുകൊണ്ട് മാന്ത്രിക പ്രകടനം കാഴ്ചവെക്കാമെന്ന് മോഹിച്ചത്.ഫലം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളും ലിംഗായത്ത്, വൊക്കലിംഗ സമുദായ പ്രദേശങ്ങളും ബി.ജെ.പിയുടെ കൂടെനിന്നു. ബി.ജെപിക്കുള്ള സംഘടനാ ശേഷിയോ, പാര്‍ട്ടികളുടെ പ്രാദേശിക ഘടക ശക്തിയോ, സംഘാടനാ പാടവമുള്ള നേതൃത്വമോ ആകര്‍ഷകത്വമുള്ള ദേശീയ നേതൃത്വമോ ഇല്ലായെന്നുള്ള യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് കാണാന്‍ തയ്യാറായില്ല. അതിന് തയ്യാറായിരുന്നു എങ്കില്‍ കര്‍ണാടകയില്‍ ത്രികോണ മത്സരം ഉണ്ടാകുമായിരുന്നില്ല. ജെ.ഡി.എസ്സും കോണ്‍ഗ്രസും സംയുക്തമായി തിരഞ്ഞടുപ്പിനെ നേരിട്ടിരുന്നു എങ്കില്‍ വന്‍ വിജയം ഉറപ്പാക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു എന്നുള്ളതാണ് തിരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നത്.
ഇപ്പോള്‍ ഏറ്റവും വലിയ മണ്ടത്തരത്തിന് കോണ്‍ഗ്രസ് തയ്യാറാകുന്നു. ഏറ്റവും വലിയ കക്ഷിയായി ബി.ജെപി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ജെ.ഡി.എസ്സിനൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതും യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്. ഇനി ബി.ജെ.പിയുടെ ജനായത്ത മര്യാദ ലംഘനങ്ങളെ കോണ്‍ഗ്രസിന് വിമര്‍ശിക്കാനുള്ള യോഗ്യതയില്ല. അതിനേക്കാളുപരി, ഇപ്പോള്‍ തന്നെ തമ്മിലടിയും ഉള്‍ക്കലഹവും കൊണ്ട് ശൈഥില്യം നേരിടുന്ന കോണ്‍ഗ്രസ് പല തുണ്ടായി കീറിപ്പോകാനും ഈ തീരുമാനം ഇടയാക്കും.കാരണം കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാക്കി ഏതാനും എം.എല്‍.എ മാരെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ബി.ജെ.പിക്ക് വലുതായി ബുദ്ധിമുട്ടേണ്ടി വരില്ല. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താല്‍ കോണ്‍ഗ്രസിന്റെ നാശത്തിലേക്കായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിക്കുക.
ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന സൂചനകളും കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. എല്ലാ രീതിയി ലും ശക്തമായി ഗോദയിലിറങ്ങുന്ന ബി.ജെ.പിക്ക് വിഘടിച്ചു നില്‍ക്കുന്ന പ്രതിപക്ഷം അവസരം തന്നെയാണ് ഒരുക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലും തങ്ങളുടെ ഭൂതകാല പെരുമകളില്‍ നിന്ന് പുറത്ത് വന്ന്, യാഥാര്‍ത്ഥ്യം എന്തെന്നറിഞ്ഞ് എവിടെയാണ് നില്‍ക്കേണ്ടത് എന്ന് കോണ്‍ഗ്രസിനെ മനസ്സിലാക്കിപ്പിക്കുക കൂടി ചെയ്യുകയാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. പഴയ കാല പ്രതാപം ദൗര്‍ബല്യത്തിന്റെ ആഘാതത്തെ വര്‍ദ്ധിപ്പിക്കാനെ സഹായിക്കൂ എന്നും കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതാണ്.