Skip to main content

manmohan singh പത്താം വർഷത്തിൽ പടിയിറങ്ങുന്നതിന് മുൻപ് പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങ് നടത്തിയ വാര്ത്താ സമ്മേളനത്തിലേക്ക് നോക്കുമ്പോൾ തെളിയുന്ന ചിത്രം ഭാവിയിലെ ചരിത്രരചനയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വിടവാങ്ങാനൊരുങ്ങുന്ന പ്രധാനമന്ത്രിയെയാണ്. അതിനർഥം വർത്തമാനത്തെക്കുറിച്ച് അദ്ദേഹത്തിനു തന്നെ മതിപ്പില്ല എന്നതു തന്നെ. വ്യക്തിപരമായി സൗമ്യനും മാന്യനുമാണ് മൻമോഹൻ സിംഗ്. പക്ഷേ രാജ്യത്തെ നയിക്കേണ്ട പ്രധാനമന്ത്രി ആത്യന്തികമായി രാഷ്ട്രീയമുള്ള നേതാവാകണം എന്ന് ഒരിക്കൽ കൂടി ഈ ഉപഭൂഖണ്ഡത്തിലെ നൂറ്റിയിരുപതു കോടി ജനങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വാര്ത്താ സമ്മേളനം. ഇത്രയും വൈവിധ്യമുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങ് ആദ്യവസാനം ഒരു സാമ്പത്തിക വിശാരദനാണ്. എന്നാല്‍, അതിനപ്പുറമാണ് അദ്ദേഹത്തിന്റെ പദവി ആവശ്യപ്പെടുന്നത്. പക്ഷെ, സാമ്പത്തിക ചിന്തകൾക്കപ്പുറത്തേക്ക് തെല്ലും അദ്ദേഹത്തിന് എത്താൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ദശക കാലം നീണ്ട പ്രധാനമന്ത്രി പദത്തെ ചരിത്രം എങ്ങിനെ വിലയിരുത്തും. സംശയം വേണ്ട, ഒറ്റവാചകത്തില്‍ പറഞ്ഞാൽ, രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും. അദ്ദേഹത്തിന്റെ സാമ്പത്തിക വീക്ഷണമാകട്ടെ പാശ്ചാത്യവും. അതാകട്ടെ വികസിത രാജ്യങ്ങളിൽ പരാജയപ്പെട്ട് മുന്നോട്ട് നീങ്ങാൻ ഗതിമുട്ടി നിൽക്കുന്നു. എന്നിട്ടും, ഇപ്പോഴും ഇന്ത്യയെ വിലയിരുത്തുന്നതിനും തീരുമാനമെടുക്കുന്നതിനും ആ സാമ്പത്തിക ശാസ്ത്ര വഴികളാണ് അദ്ദേഹത്തിന്റെ മാനദണ്ഡം. ഒടുവിൽ, അദ്ദേഹത്തിന്റെ സാമ്പത്തിക വീക്ഷണത്തിന് അനുയോജ്യമല്ലാത്ത വിധം സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം ക്ഷേമ പരിപാടികൾ തുടങ്ങേണ്ടി വന്നു. സാമ്പത്തിക പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ ഉണ്ടാവുന്ന സാമൂഹ്യ അസന്തുലിതാവസ്ഥകൾ നേരിടുന്നതിനുള്ള ഷോക്ക് അബ്‌സോർബർ നടപടികളാണെന്ന് ഒരുപക്ഷേ അതിന് ന്യായമുണ്ടായേക്കും. സാമ്പത്തികമായ നടുക്കങ്ങളേക്കാൾ മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്. അതിനെ ചരിത്രകാരന്മാർ സാമൂഹിക വീക്ഷണത്തിൽ വിലയിരുത്തിയാൽ ശുഭമാകാനിടയില്ല. കാരണം, ദില്ലിയിൽ പെൺകുട്ടി ബസ്സിൽ കൂട്ടബലാൽസംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിനു ശേഷം സമാനമായുണ്ടായ സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് മൻമോഹൻ സിങ്ങ് തന്നെ പൊതുവേദികളിൽ ഉറക്കെ ആരാഞ്ഞു, നമ്മുടെ സമൂഹത്തിന് എന്തുപറ്റിയെന്ന്. രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും ഇതേ ചോദ്യം ഉന്നയിക്കുകയും അതിനു പരിഹാരം തേടുകയും ചെയ്യണമെന്നു പറയുന്നു. ആ വിഷയത്തെ സാമ്പത്തിക ശാസ്ത്രത്തിലെ വഴികൾകൊണ്ട് നേരിടാനാവില്ല എന്ന ഗതികേട് മനസ്സിലാക്കാതെയാണെങ്കിലും, വാസ്തവത്തിൽ ആ ഗതികേടിൽ നിന്നാണ് മൻമോഹൻസിംഗിൽ നിന്ന് ആ ചോദ്യമുയർന്നത്. എന്തിന്, രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വർധിതമായ തോതിലുണ്ടായ അഴിമതിയെ വികസനം വിലയിരുത്തുന്നതു പോലെ ശതമാനക്കണക്കിൽ വിലയിരുത്തിയാൽ അതും നല്ല ശതമാനമായിരിക്കില്ല. രാഷ്ട്രീയമായി നേരിടേണ്ടതിനെ സാമ്പത്തികശാസ്ത്രത്തിന്റെ സൂത്രവാക്യങ്ങളിലൂടെ സമീപിക്കുമ്പോഴാണ് സമൂഹത്തിൽ ജനാധിപത്യത്തിന് ആത്യന്തികമായി ദോഷമായി ഭവിക്കുന്ന അരാഷ്ട്രീയ കാഴ്ചപ്പാടുകളും ചലനങ്ങളും സംഭവിക്കുക. ദില്ലിയിൽ കോൺഗ്രസ്സിനെ തറപറ്റിച്ച ആം ആദ്മി പാർട്ടിയുടെ ആവിർഭാവവും പ്രകടനവും മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ പാർശ്വഫലമല്ലേ എന്നു ചോദിച്ചാൽ നിഷേധിക്കാനാവില്ല. ഇതെല്ലാം മൻമോഹൻ സിങ്ങിന്റെ കുഴപ്പമാണോ എന്നു ചോദിച്ചാൽ അല്ലേ അല്ല. കോൺഗ്രസ് പാർട്ടിക്ക് രാഷ്ട്രീയമായി സംഭവിച്ച ദൗർബല്യത്തിന്റെ ഫലമാണ്. രാഷ്ട്രീയമായ കാഴ്ചപ്പാട് ദൃഢമല്ലാതെ പോയതാണ് കഴിഞ്ഞ പത്തുകൊല്ലത്തെ യു.പി.എ സർക്കാരിന്റെ ഭരണത്തിന് പറ്റിയ മുഖ്യമായ പാളിച്ച. അതുകൊണ്ടാണ് സ്വതന്ത്ര ഇന്ത്യയിൽ നാഴികക്കല്ലുകളായി മാറുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടും അടുത്ത പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പോകുമ്പോൾ പ്രകടമാകുന്ന ആത്മവിശ്വസക്കുറവ്. തൊഴിലുറപ്പു പദ്ധതി, നേരിട്ട് സബ്‌സിഡി വിതരണം, വിദ്യാഭ്യാസം മൗലികാവകാശമാക്കൽ, ഭക്ഷ്യസുരക്ഷാ പദ്ധതി തുടങ്ങിയവയൊക്കെ ഈ സർക്കാരിന്റെ ധീരമായ നടപടികളായിരുന്നു. പക്ഷേ, അതിൽ നിന്നൊന്നും ഊർജം കൊള്ളാൻ കഴിയാതെ കോൺഗ്രസ്സ് നേതൃത്വം നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മന്‍മോഹൻ സിങ്ങിന്റെ വാര്ത്താ സമ്മേളനം ആ അവസ്ഥയെ ഒന്നുകൂടി ഉറപ്പിച്ചതു പോലുണ്ട്.

Tags