ആറന്മുള വിമാനത്താവളത്തിനുള്ള പിന്തുണ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞു. പദ്ധതി പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. പരിസ്ഥിതി വകുപ്പ് നിലവില്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുന്നതിലെ അനൌചിത്യം മാറ്റിവെച്ചാല്‍ പോലും രണ്ട് കാരണങ്ങളാല്‍ ഈ വിമാനത്താവള പദ്ധതിയോടുള്ള എതിര്‍പ്പിന് നേരെ തുറന്ന സമീപനം സ്വീകരിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
ആദ്യമായി, സോളാര്‍ തട്ടിപ്പ് കേസ് അടിസ്ഥാനപരമായി സംശയം ഉയര്‍ത്തുന്നത് മുഖ്യമന്ത്രി തീരുമാനമെടുക്കുന്ന രീതിക്ക് നേരെയാണ്. മുഖ്യമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേര് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്താകുമ്പോള്‍ അത് വെളിപ്പെടുത്തുന്നത് ഒന്നുകില്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ്. അല്ലെങ്കില്‍, തന്റെ പെഴ്സണല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ തീരുമാനം പിഴച്ചു എന്നാണ്. ആദ്യത്തേതില്‍ മുഖ്യമന്ത്രിക്ക് സംശയത്തിന്റെ ആനുകൂല്യം നല്കിയാലും രണ്ടാമത്തേതില്‍ നിന്ന് ഒഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. മുഖ്യമന്ത്രി ഇതിനകം തുറന്നു സമ്മതിച്ച കാര്യവുമാണത്. രണ്ടാമതായി, വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടനിലക്കാരിയായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രിയെ രണ്ടുതവണ സന്ദര്‍ശിച്ചെന്ന ആരോപണം ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഉന്നയിച്ചിരിക്കുകയാണ്. വിമാനത്താവള പദ്ധതിയുടെ പ്രമോട്ടര്‍മാരായ കെ.ജി.എസ് ഗ്രൂപ്പ് ഭൂമി വാങ്ങിയപ്പോള്‍ വാഗ്ദാനം ചെയ്ത തുക നല്‍കിയില്ലെന്ന ആരോപിച്ച് കോഴഞ്ചേരിയിലെ കെ.ജെ അബ്രാഹം നല്കിയ പരാതി കോടതിയുടെ പരിഗണനയിലുമുണ്ട്.
ആള്‍ക്കൂട്ടമല്ല ജനനേതാക്കളെ സൃഷ്ടിക്കുന്നത്. ദൂരക്കാഴ്ചയുള്ള രാഷ്ട്രീയ സമീപനങ്ങളാണ്. ഉമ്മന്‍ ചാണ്ടിയുടെ ചുറ്റുമുള്ള ആള്‍ക്കൂട്ടമാണ് സോളാര്‍ തട്ടിപ്പിന് അണിയറയായി മാറിയത്. ജനനേതാവായി മാറാനുള്ള സമയം ഉമ്മന്‍ ചാണ്ടിക്ക് ഇനിയും വൈകിയിട്ടില്ല, ആറന്മുള വിമാനത്താവളം ഒരു തുടക്കമാകുമെങ്കില്‍.
ഈ പശ്ചാത്തലത്തില്‍ വിമാനത്താവള പദ്ധതിയില്‍ തന്റെ തീരുമാനം നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ പുറത്തല്ല എന്ന് മുഖ്യമന്ത്രി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമായി വരുന്നു. ഇത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്കിയ പദ്ധതിയാണെന്ന പല്ലവി അതിന് മതിയാകില്ല. അതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്കെതിരെ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പിട്ട പ്രതിപക്ഷ സാമാജികരുടെ നിലപാടിനെ തള്ളിക്കളയുന്നതും ശരിയല്ല. മാത്രവുമല്ല, ഭരണപക്ഷത്തെ ആറു സാമാജികര്‍ പ്രസ്തുത നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്ന അസാധാരണ നടപടിയെ അതിന്റേതായ ഗൗരവത്തില്‍ എടുക്കുകയും വേണം. നിവേദനത്തിന് 72 സാമാജികരുടെ പിന്തുണയുണ്ട് എന്നത് സാങ്കേതികമായി സര്‍ക്കാറിനെ ബാധിക്കുന്ന ഒന്നല്ലെങ്കിലും കേരള നിയമസഭയിലെ ഭൂരിപക്ഷം സാമാജികരും രേഖാമൂലം എതിര്‍ക്കുന്ന ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നത് രാഷ്ട്രീയമായി ശരിയായ നടപടിയാണെന്ന് പറയാനാവില്ല.
അതോടൊപ്പം, ഇരുമുന്നണികളായി അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട കേരളരാഷ്ട്രീയത്തില്‍ ഇത്തരം ഉഭയകക്ഷി രാഷ്ട്രീയം സാധ്യമാകുന്നു എന്നതുതന്നെ പ്രോത്സാഹനം അര്‍ഹിക്കുന്ന ഒന്നാണ്. ഇത്തരം ഒരു ഉഭയകക്ഷി സമവായം കേരളത്തില്‍ നിലനില്‍ക്കുന്നത് വികസനത്തെ ചുറ്റി മാത്രമാണ്. എന്നാല്‍, ഈ സമവായത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പരിസ്ഥിതിക്ക് ചുറ്റും മറ്റൊരു സമവായം രൂപം കൊള്ളുന്നത്. വികസന സമവായം പോലെ ശക്തമോ സമഗ്രമോ അല്ലെങ്കിലും പരിസ്ഥിതി കേന്ദ്രിതമായ ഒരു രാഷ്ട്രീയത്തിലേക്കും വികസനത്തിലേക്കുമുള്ള ആദ്യ ചുവടുകളായി ഈ നിവേദനത്തെ കാണേണ്ടതാണ്. നിലനില്‍ക്കുന്ന വികസന സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത പ്രതിപക്ഷ സാമാജികരാണ് ഇപ്പോള്‍ ആറന്മുള വിഷയത്തില്‍ വ്യത്യസ്തമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. സമഗ്രമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അല്ല ഇപ്പോഴത്തെ നിലപാട് എന്നതിന്റെ ഉദാഹരണമാണിത്. പ്രാദേശിക തലത്തില്‍ ജനങ്ങള്‍ പദ്ധതിക്കെതിരെ ഉറച്ചുനില്‍ക്കുന സാഹചര്യമാണ് അവരെ ഇതിന് പ്രേരിപ്പിച്ചതെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരുത്തപ്പെടുന്നതില്പ്പരം ഒരു ശരിയില്ല.
ഇങ്ങനെയുള്ള ഒറ്റതിരിഞ്ഞ സംഭവങ്ങളില്‍ നിന്ന് വര്‍ത്തമാന കാലത്തിന് അനുയോജ്യമായ പരിസ്ഥിതി രാഷ്ട്രീയ ബോധം രൂപപ്പെടുത്തിയെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ട ഒരു സ്ഥാപനമാണ്, ഇന്ന് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പ്. എന്നാല്‍, ഒരു പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നുള്ളത് ഒരു പരിസ്ഥിതി മന്ത്രിയുടെ ഭാഷയല്ല. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് ചേര്‍ന്ന് പോകുന്നതല്ല തന്റെ സമീപനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സമീപനം ഇങ്ങനെയായതിനാല്‍ വകുപ്പില്‍ ഇനി മറ്റൊരു മന്ത്രിക്ക് ചെയ്യാവുന്നതിന് പരിമിതികള്‍ ഉണ്ടാകുകയും ചെയ്യും. എന്നാല്‍, കേരള സമൂഹത്തിന് ഇന്നാവശ്യം പരിസ്ഥിതിക്ക് നേരിട്ടിരിക്കുന്ന ആഘാതങ്ങള്‍ പരിഹരിക്കണമെന്ന സമീപനമുള്ള ഒരു പരിസ്ഥിതി വകുപ്പിനെയും മുഖ്യമന്ത്രിയേയുമാണ്. ആള്‍ക്കൂട്ടമല്ല ജനനേതാക്കളെ സൃഷ്ടിക്കുന്നത്. ദൂരക്കാഴ്ചയുള്ള രാഷ്ട്രീയ സമീപനങ്ങളാണ്. ഉമ്മന്‍ ചാണ്ടിയുടെ ചുറ്റുമുള്ള ആള്‍ക്കൂട്ടമാണ് സോളാര്‍ തട്ടിപ്പിന് അണിയറയായി മാറിയത്. ജനനേതാവായി മാറാനുള്ള സമയം ഉമ്മന്‍ ചാണ്ടിക്ക് ഇനിയും വൈകിയിട്ടില്ല, ആറന്മുള വിമാനത്താവളം ഒരു തുടക്കമാകുമെങ്കില്‍.