വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ ഉത്തര കൊറിയയ്ക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈയില്‍ തെളിവുകളുണ്ടെന്ന് അമേരിക്ക.ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് ടോം ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ മെയില്‍ നടന്ന വൈറസ് ആക്രമണത്തില്‍ 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് തകര്‍ന്നത്.
ഉത്തര കൊറിയന്‍ സര്‍ക്കാരിന് വേണ്ടി ഹാക്കിംഗ് നടത്തുന്ന ലസാറസ് ഗ്രൂപ്പ് എന്ന സംഘടനയാണ് വാനാക്രൈ റാന്‍സംവെയര്‍ ആക്രമണം സംഘടിപ്പിച്ചത് എന്നതിന് തെളിവുകളുണ്ടെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. വാനാക്രൈ ആക്രമണവുമായി ബന്ധപ്പെട്ട് അമേരിക്ക ആദ്യമായാണ് ഒരു രാജ്യത്തിനെതിരേ ആരോപണം ഉന്നയിക്കുന്നത്.ഈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് ബ്രിട്ടണും മൈക്രോസോഫ്റ്റും നേരത്തെ ആരോപിച്ചിരുന്നു.
അമേരിക്കയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ബോസെര്‍ട്ട് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഉത്തര കൊറിയക്കെതിരെ എന്തെങ്കിലും പ്രത്യേക നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.
വാനാക്രൈ റാന്‍സംവെയര്‍ കമ്പ്യൂട്ടറുകളില്‍ കയറിപറ്റുകയും തുടര്‍ന്ന് സേവ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ തടഞ്ഞുവെക്കുകയും അത് വിട്ടുകിട്ടുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയിലായിരുന്നു ആക്രമണം നടന്നത്. ബാങ്കുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളെയാണ് ആക്രമണം കൂടുതലായി ബാധിച്ചത്. ഇന്ത്യയിലും വൈറസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.