ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന് കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഏതാനം ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ ഈ നടപടി.
ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുള്ള മിസൈല്‍ പ്രയോഗിച്ചു. മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റേഡിയോ സിഗ്നലുകള്‍ ലഭിച്ചതായി ജപ്പാന് അറിയിച്ചിരുന്നു. യു.എസും വാര്‍ത്ത സ്ഥിരീകരിച്ചു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.
രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലില്‍ ഉത്തര കൊറിയയുടെ മിസൈല്‍ പതിക്കുന്നത്.സെപ്റ്റംബറില്‍ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ മിസൈല്‍ പറത്തിയിരുന്നു.സംഭവത്തെ തുടര്‍ന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉന്നതതല യോഗം വിളിച്ചുകൂട്ടി.