കമ്മു കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തിലെ ജീവനാശത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അപലപിച്ചു. കൂടുതല്‍ അക്രമം ഒഴിവാക്കാന്‍ എല്ലാ ശ്രമവും ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, കശ്മീര്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ വിഷയങ്ങളിലും സംഭാഷണത്തിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു.
കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അയച്ച കത്തിനുള്ള മറുപടിയിലാണ് ബാന്‍ കി മൂണിന്റെ പരാമര്‍ശം. കശ്മീര്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാനുള്ള പാകിസ്ഥാന്റെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.
ഇന്ത്യ നിരോധിച്ച ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സുരക്ഷാ സൈനികര്‍ വധിച്ചതിനെ തുടര്‍ന്ന്‍ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും ഇതുവരെ 70-നടുത്ത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, നിര്‍ദ്ദേശിത വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് കശ്മീര്‍ വിഷയം പ്രധാന ചര്‍ച്ചാവിഷയമാക്കണമെന്ന നിലപാടുമായി പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ചു. കശ്മീര്‍ പ്രശ്നത്തില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയങ്ങള്‍ അടക്കം ഉദ്ധരിക്കുന്ന കത്തില്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് നേരത്തെ പാകിസ്ഥാന്‍ അയച്ച കത്തിനുള്ള മറുപടിയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന്‍ അറിയിച്ചെങ്കിലും ജമ്മു കശ്മീരിലെ സ്ഥിതി സംബന്ധിച്ച് പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായ പ്രദേശത്ത് പാകിസ്ഥാന് ഇടപെടാന്‍ ഒരു വ്യവഹാര അവകാശവും ഇല്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദമടക്കം അഞ്ച് ഇനങ്ങളാണ് പകരം ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചയുടെ വിഷയങ്ങളായി നിര്‍ദ്ദേശിച്ചത്.