Skip to main content
ന്യൂഡല്‍ഹി

arun jeitley2014-15 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 5.4-5.9 ശതമാനത്തിന് ഇടയില്‍ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക സര്‍വേ. മണ്‍സൂണ്‍ മഴയിലെ കുറവും ആഗോള തലത്തിലുള്ള പ്രതിസന്ധിയും പ്രശ്നമായി മുന്നിലുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ അഞ്ച് ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ചയെ മറികടക്കുമെന്ന പ്രതീക്ഷയാണ് ബുധനാഴ്ച കേന്ദ്ര ധന വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലിമെന്റില്‍ വെച്ച 2013-14ലെ സാമ്പത്തിക സര്‍വേ പ്രകടിപ്പിക്കുന്നത്. നാളെയാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പൊതുബജറ്റ് മന്ത്രി ജെയ്റ്റ്ലി അവതരിപ്പിക്കുക.

 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വളര്‍ച്ചയില്‍ ഉണ്ടായ കുറവ് വ്യവസായ മേഖലയെയാണ് പ്രത്യേകമായി ബാധിച്ചതെന്ന് സര്‍വേ പറയുന്നു. പണപ്പെരുപ്പത്തില്‍ ഇക്കാലയളവില്‍ കുറവുണ്ടായെങ്കിലും ഭക്ഷ്യ വിലക്കയറ്റത്തെ തുടര്‍ന്ന്‍ ഇത് ഉപകാരപ്രദമായിരുന്നില്ല. പണപ്പെരുപ്പത്തില്‍ ഉണ്ടായ കുറവ് നാണ്യനയത്തില്‍ ലാഘവം കൊണ്ടുവരാനും നിക്ഷേപകരില്‍ വിശ്വാസം ജനിപ്പിക്കാനും കഴിയുമെന്ന് സര്‍വേ പ്രതീക്ഷിക്കുന്നു.   

 

2009-10ലും 2010-11ലും ഉണ്ടായ മെച്ചപ്പെട്ട വളര്‍ച്ചയ്ക്ക് ശേഷം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച 2012-13ല്‍ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 4.5ലേക്ക് താഴ്ന്നിരുന്നു. കഴിഞ്ഞ വര്‍ഷം 4.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.   

 

നിക്ഷേപ അന്തരീക്ഷവും ഭരണനടപടികളും മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ അടുത്ത രണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം വളര്‍ച്ചാ നിരക്കിനെ 7-8 ശതമാനത്തിലേക്ക് എത്തിക്കുമെന്നും സര്‍വേ അവകാശപ്പെടുന്നു.

Tags