ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ആവശ്യം വരികയാണെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണി സര്‍ക്കാറിന് പിന്തുണ നല്‍കിയേക്കാമെന്ന് കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ്. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ലെന്നും ഖുര്‍ഷിദ് ശനിയാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. മൂന്നാം മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കാനുള്ള സാധ്യതയും തള്ളേണ്ടതില്ലെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്നേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു.
നരേന്ദ്ര മോഡി ബി.ജെ.പിയ്ക്ക് വലിയ പ്രശ്നം ആകാന്‍ പോകുകയാണെന്ന് ഖുര്‍ഷിദ് പറഞ്ഞു. ബി.ജെ.പിയുടെ മുന്‍കാല രാമക്ഷേത്ര പ്രചാരണത്തെ പരാമര്‍ശിച്ച് ‘ദൈവത്തിന്റെ തരംഗം’ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിട്ടില്ലെന്നും ‘മോഡി തരംഗ’ത്തിന് ഇപ്പോഴെങ്ങനെ അതിന് കഴിയുമെന്നും ഖുര്‍ഷിദ് ചോദിച്ചു.