പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാര്യ ഗുര്‍ഷരണ്‍ കൗറും അസമില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ ഗുവഹാട്ടിയിലെ ഡിസ്പൂര്‍ ഹൈസ്കൂളില്‍ എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് മോഡി തരംഗമില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും വോട്ട് ചെയ്തു പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മേല്‍ കൈ നഷ്ടപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മെയ് 15-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനായ് തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ആറ് ലോക്‌സഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനിടെ അസമിലെ കൊക്രജാര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്ത് പിടിച്ചെടുക്കാനുള്ള ഒരു സംഘം ആളുകളുടെ ശ്രമം തടയുന്നതിനിടെയാണ് അക്രമമുണ്ടായത്. അക്രമികളെ നേരിടാന്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന ബി.എസ്.എഫ് വെടിവയ്പ് നടത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് പോളിംഗ് ബൂത്തുകളിലെ വോട്ടെടുപ്പ് നിര്‍ത്തിവച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉള്‍പെടെയുള്ള 117 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ് . 40 ശതമാനം പേര്‍ ഇതിനോടകം തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അസമിനെ കൂടാതെ തമിഴ് നാട് (39), ബീഹാര്‍ (ഏഴ്), ഛത്തിസ്ഗഢ് (ഏഴ്), ജമ്മുകശ്മീര്‍ (ഒന്ന്), ഝാര്‍ഖണ്ഡ് (നാല്), മധ്യപ്രദേശ് (10), മഹാരാഷ്ട്ര (19), രാജസ്ഥാന്‍ (അഞ്ച്), പോണ്ടിച്ചേരി (ഒന്ന്), ഉത്തര്‍പ്രദേശ് (12), ബംഗാള്‍ (ആറ്) എന്നിവിടങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കുന്നുണ്ട്.