Skip to main content

Manmohan Singh

പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടത്തിയതായി ആരോപിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പ്രധാനമന്ത്രി മൻമോഹൻ സിംഗിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി നടത്തിയ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നാണ് ബി.ജെ.പി ആരോപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കെ അധികാരം ദുര്‍വിനിയോഗം ചെയ്തതായും ഇതിന് പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

 

 

മുന്‍ മാദ്ധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെയും കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പി.സി പരഖിന്റെയും പുസ്തകങ്ങള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന്‍ മൻമോഹൻ സിംഗിനെതിരെ ആക്ഷേപങ്ങള്‍ ശക്തമായിരുന്നു. പ്രധാനമന്ത്രി തീരുമാനമെടുക്കും മുമ്പ് എല്ലാ ഫയലുകളും സോണിയ ഗാന്ധിയെ കാണിച്ചിരുന്നുവെന്ന് സഞ്ജയ ബാരു തന്റെ പുതിയ പുസ്തകത്തില്‍ ആരോപിച്ചിരുന്നു. സഞ്ജയ ബാരുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവും ആണെന്ന് വ്യക്തമാക്കാനാണ് പങ്കജ് പച്ചൗരി വാര്‍ത്താസമ്മേളനം നടത്തിയത്.

 

 

എന്നാല്‍ പങ്കജ് പച്ചൗരി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പുസ്തകത്തിന്റെ വിശദീകരണം നല്‍കാതെ യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് വിശധീകരിച്ചതെന്നാണ് ബി.ജെ.പി നല്‍കിയ പരാതിയില്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉന്നത സ്ഥാനങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് തടയണമെന്നും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Tags