Skip to main content
ന്യൂഡൽഹി

Manmohan Singh

 

മൻമോഹൻ സിംഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 1000-ത്തില്‍ അധികം പ്രസംഗങ്ങള്‍ മൻമോഹൻ സിംഗ് നടത്തിയിട്ടുണ്ടെന്നും പിന്നെ അദ്ദേഹം നിശബ്ദനാണെന്ന് പറയുന്നത് എന്തു കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും പ്രധാനമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി പറഞ്ഞു. ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

 

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ജി.ഡി.പി നിരക്കില്‍ ഉണ്ടായ മൂന്നിരട്ടി വര്‍ധനവും മിനിമം വേതന നിരക്കില്‍ ഉണ്ടായ മൂന്നിരട്ടി വര്‍ധനവും യു.പി.എ സര്‍ക്കാരിന്റെ ശ്രമഫലമാണെന്നും ഇത്തരമൊരു പുരോഗതി മറ്റൊരു രാജ്യത്തും കാണാന്‍ സാധിക്കില്ലെന്നും പങ്കജ് പച്ചൗരി കൂട്ടിച്ചേര്‍ത്തു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നയമരവിപ്പ് ഉണ്ടായെന്ന ആരോപണത്തിന് മറുപടിയായാണ്‌ പച്ചൌരി ഇത് പറഞ്ഞത്.

 

സമീപകാലത്ത് മുന്‍ മാദ്ധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെയും കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പി.സി പരഖിന്റെയും പുസ്തകങ്ങള്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ്‌ മൻമോഹൻ സിംഗിനെതിരെ ആക്ഷേപങ്ങള്‍ ശക്തമായിരുന്നു. പ്രധാനമന്ത്രി തീരുമാനമെടുക്കും മുമ്പ് എല്ലാ ഫയലുകളും സോണിയ ഗാന്ധിയെ കാണിച്ചിരുന്നുവെന്ന് സഞ്ജയ ബാരു തന്റെ പുതിയ പുസ്തകത്തില്‍ ആരോപിച്ചിരുന്നു. സഞ്ജയ ബാരുവിന്റെ വെളിപ്പെടുത്തല്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവും ആണെന്ന് പങ്കജ് പച്ചൗരി പറഞ്ഞു.

 

സഞ്ജയ ബാരുവിന്റെ പുസ്തകത്തിന്‌ തൊട്ടു പിന്നാലെ ഇറങ്ങിയ "ക്രൂസേഡർ ഓർ കോൺസ്പിറേറ്റർ ? കോൾഗേറ്റ് ആൻഡ് അതർ ട്രൂത്ത്സ്" എന്ന പുസ്തകത്തില്‍ മൻമോഹൻ സിംഗിന് തന്റെ സ്വന്തം വകുപ്പുകളിൽ പോലും സ്വാതന്ത്ര്യവും അധികാരവും ഉണ്ടായിരുന്നില്ലെന്നാണ് കൽക്കരി വകുപ്പ് മുൻ സെക്രട്ടറി പി.സി.പരഖ് ആരോപിച്ചത്.

Tags