ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും തിരിച്ചടിയായി മന്‍മോഹന്‍ സിങ്ങിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെ വിവാദ വെളിപ്പെടുത്തലുകള്‍. രണ്ട് അധികാരകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുക സാധ്യമല്ലെന്നും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് അധികാര കേന്ദ്രമെന്ന് താന്‍ അംഗീകരിക്കുന്നതായും മന്‍മോഹന്‍ സിങ്ങ് പറഞ്ഞതായി ബാരു എഴുതിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇത് ഒരു കെട്ടുകഥയാണെന്നും പ്രധാനമന്ത്രിയുമായുള്ള അടുപ്പം വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കായി ബാരു ദുരുപയോഗം ചെയ്യുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപിച്ചു.
2009-ല്‍ വീണ്ടും അധികാരത്തില്‍ വന്ന ഉടനെയാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞതായി സഞ്ജയ ബാരു തന്റെ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ - ദ മേകിംഗ് and അണ്‍മേകിംഗ് ഓഫ് മന്‍മോഹന്‍ സിങ്ങ് എന്ന വെള്ളിയാഴ്ച പുറത്തിറങ്ങിയ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത്. മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം വിശദീകരിക്കുന്ന പുസ്തകത്തില്‍ പുതിയ നയങ്ങളുടെ നേട്ടം പ്രധാനമന്ത്രിയേക്കാളും പാര്‍ട്ടിയ്ക്ക് നല്‍കാനായിരുന്നു വ്യഗ്രതയെന്ന്‍ പറയുന്നു. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് 2004-മുതല്‍ 2008 വരെയാണ് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി ബാരു പ്രവര്‍ത്തിച്ചിട്ടുള്ളത്.
എന്നാല്‍, സിംഗപ്പൂരില്‍ അധ്യാപക ജോലി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ബാരുവിന് തുടര്‍ന്ന്‍ സര്‍ക്കാറില്‍ പദവിയൊന്നും നല്‍കാതിരുന്നതില്‍ ബാരു പ്രധാനമന്ത്രിയോട് പ്രകടിപ്പിച്ച നീരസം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രിയുടെ ഓഫീസ് പുസ്തകത്തില്‍ പറയുന്നത് കൂടുതലും ഭാവനാസൃഷ്ടിയാണെന്ന്‍ ആരോപിച്ചു. പുസ്തകത്തിന്റെ വാണിജ്യവിജയത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ വഹിച്ചിരുന്ന പദവിയുടെ വിശ്വാസ്യത ബാരു ദുരുപയോഗം ചെയ്യുകയാണെന്നും പി.എം.ഒ പറഞ്ഞു.
മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയും തമ്മില്‍ പരസ്പര വിശ്വാസം അന്തര്‍ലീനമായിരുന്നെങ്കിലും നയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി പുസ്തകം പറയുന്നു. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് യു.എസുമായുള്ള ആണവ കരാര്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് സോണിയ ഗാന്ധി പ്രാധാന്യം നല്‍കിയപ്പോള്‍ മന്‍മോഹന്‍ സിങ്ങ് രാജിസന്നദ്ധത പ്രകടിപ്പിച്ചതായി പുസ്തകത്തില്‍ പറയുന്നു.
രണ്ടാം യു.പി.എ സര്‍ക്കാറില്‍ മന്‍മോഹന്‍ സിങ്ങിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കാതെ മന്ത്രിസഭാംഗങ്ങളെ സോണിയ ഗാന്ധി തീരുമാനിച്ചതായും പുസ്തകം വെളിപ്പെടുത്തുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സി.രംഗരാജന് വകുപ്പിന്റെ ചുമതല നല്‍കണമെന്നായിരുന്നു മന്‍മോഹന്‍ സിങ്ങ് കരുതിയതെന്നും എന്നാല്‍, സിങ്ങിനോട് ആലോചിക്കാതെ ധനകാര്യ വകുപ്പ് പ്രണബ് മുഖര്‍ജിയ്ക്ക് നല്‍കുകയായിരുന്നുവെന്നും പുസ്തകത്തില്‍ ബാരു പറയുന്നു. 2ജി അഴിമതി പുറത്ത് വരുന്നതിന് മുന്‍പ് തന്നെ എ.രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ മന്‍മോഹന്‍ സിങ്ങ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസില്‍ നിന്നും ഡി.എം.കെയില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നുവെന്നും ബാരു പറയുന്നു.