കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ നായരെ സി.ബി.ഐ ചോദ്യം ചെയ്തു. മൻമോഹൻ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു നായര്‍. ഈ സമയത്താണ് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്.
സി.ബി.ഐ 30 ചോദ്യങ്ങള്‍ നായര്‍ക്ക് അയച്ചുകൊടുക്കുകയും അവയ്ക്കുള്ള മറുപടി അദ്ദേഹം എഴുതി നല്‍കുകയുമായിരുന്നു എന്ന് ഇംഗ്ലീഷ് ദിനപത്രം ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു. കല്‍ക്കരിപ്പാടങ്ങള്‍ എന്തുകൊണ്ട് ലേലം ചെയ്തില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. നായര്‍ നല്‍കിയ മറുപടിയുടെ വിശദാംശങ്ങള്‍ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 28-ന് സി.ബി.ഐ സുപ്രീം കോടതിയെ അറിയിക്കും.
2006-നും 2009-നുമിടെയില്‍ 68 കല്‍ക്കരിപ്പാടങ്ങള്‍ 151 കമ്പനികള്‍ക്ക് അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടായതെന്നാണ് ആരോപണം. ഇതുമൂലം പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി പാര്‍ലമെന്റിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.