രാജീവ് ഗാന്ധി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി മാര്‍ച്ച് ആറിന് വീണ്ടും പരിഗണിക്കും.
രാജീവ് ഗാന്ധി വധക്കേസില്‍ തമിഴ്നാട് സര്‍ക്കാറിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നും ഇതിനെ ന്യായികരിക്കാനാവില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. ഇന്ത്യയുടെ ആത്മാവിനെതിരായ ആക്രമണമാണ് രാജീവ് വധമെന്നും അതൊരിക്കലും ക്ഷമിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ ഇളവുലഭിച്ച മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരെയും ജീവപര്യന്തം ശിക്ഷ ലഭിച്ച ജയചന്ദ്രന്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും വിട്ടയക്കാനാണു തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് മന്ത്രിസഭയുടെ തീരുമാനത്തിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീര്‍പ്പുകല്‍പ്പിക്കുന്നത് നീണ്ടുപോയത് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തം തടവായി കുറച്ചത്. 23 വര്‍ഷം തടവ് അനുഭവിച്ച ഇവരെ വിട്ടയക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ തീരുമാനിച്ചത്.