സി.എ.ജിയുടെയും സി.വി.സിയുടെയും എതിരഭിപ്രായത്തെ ഭയന്ന് അടിസ്ഥാന പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ മടിച്ചതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. എ.ഐ.സി.സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞുവെങ്കിലും പത്തുവര്‍ഷത്തെ യു.പി.എയുടെ ഭരണകാലം ഇന്ത്യ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനം കണ്ട കാലമായിരുന്നു. പക്ഷേ, അത്രയും വളര്‍ച്ച നേടിയിട്ടും അതിന്‍റെ ബഹുമതി തന്‍റെ സര്‍ക്കാറിന് ലഭിച്ചില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് കനത്ത പരാജയമുണ്ടായെങ്കിലും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രാഹുല്‍ഗാന്ധിയുടെ കാര്യക്ഷമമായ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
കല്‍ക്കരിപ്പാടങ്ങള്‍ വിറ്റത് മുന്‍ സര്‍ക്കാറുകള്‍ പിന്തുടര്‍ന്ന നയമനുസരിച്ചാണ്. എന്നാല്‍, പരാതികളുണ്ടായതിനെ തുടര്‍ന്ന് ലേലം ചെയ്യാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.