2014 പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) തള്ളി. പ്രധാനമന്ത്രി ജനുവരി മൂന്നിന് വാര്‍ത്താസമ്മേളനം നടത്തുമെന്ന പ്രഖ്യാപനമാണ് അഭ്യൂഹങ്ങള്‍ക്കിട നല്‍കിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുകയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.
തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്ന വേളയിലാണ് മന്‍മോഹന്‍ സിങ്ങ് മാധ്യമങ്ങളെ നേരിട്ട് കാണുന്നത്. ജനുവരി 17-ന് ചേരുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തില്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കാം എന്നും അഭ്യൂഹങ്ങളുണ്ട്.
തിങ്കളാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി. ചിദംബരം പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം എന്നാവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നല്‍കിയ പ്രതികരണത്തില്‍ ശരിയായ അവസരത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. സെപ്തംബറില്‍ മന്‍മോഹന്‍ സിങ്ങ് തന്നെ രാഹുല്‍ ഗാന്ധി അനുയോജ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്നും രാഹുലിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിന് തനിക്ക് സന്തോഷമേ ഉള്ളൂവെന്നും പ്രസ്താവിച്ചിരുന്നു.
രണ്ടാം യു.പി.എ സര്‍ക്കാറില്‍ ഇത് രണ്ടാം തവണയാണ് മന്‍മോഹന്‍ സിങ്ങ് വാര്‍ത്താസമ്മേളനം വിളിക്കുന്നത്. ആദ്യ ടേമില്‍ ഒരു തവണ മാത്രമേ മന്‍മോഹന്‍ സിങ്ങ് വാര്‍ത്താസമ്മേളനം നടത്തിയിട്ടുള്ളൂ.