Skip to main content
ന്യൂഡല്‍ഹി

devyani khobragadeയു.എസ്സില്‍ പരസ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയെ ‘എന്ത് വില കൊടുത്തും’ ഇന്ത്യയില്‍ തിരികെ കൊണ്ടുവരുമെന്ന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ഉദ്യോഗസ്ഥയെ തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്നും അവരുടെ അന്തസ് പുന:സ്ഥാപിക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ബുധനാഴ്ച പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ ഖുര്‍ഷിദ് പ്രസ്താവിച്ചു.

 

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിസ തട്ടിപ്പ് കേസില്‍ ഖോബ്രഗഡെയെ ന്യൂയോര്‍ക്ക് പോലീസ് പൊതുസ്ഥലത്ത് വെച്ച് വിലങ്ങുവെച്ച് അറസ്റ്റ് ചെയ്തത്. നയതന്ത്ര ഉദ്യോഗസ്ഥയെ സാധാരണ കുറ്റവാളികള്‍ക്കൊപ്പം തടവില്‍ സൂക്ഷിച്ചെന്നും വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്ത്യ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നയതന്ത്ര നടപടികള്‍ സ്വീകരിക്കുകയാണ്.

 

വിയന്ന കണ്‍വെന്‍ഷന്‍ അനുസരിച്ചുള്ള നയതന്ത്ര സുരക്ഷ ഖോബ്രഗഡെയ്ക്ക് ബാധകമല്ലെന്നാണ് യു.എസ് നിലപാട്. അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കുന്ന സാധാരണ നടപടിക്രമങ്ങളാണ് ഖോബ്രഗഡെയുടെ കാര്യത്തില്‍ സ്വീകരിച്ചതെന്നും യു.എസ് വിശദീകരിച്ചു. ചോദ്യം ചെയ്യലിന് ശേഷം അന്ന്‍ തന്നെ മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതി ഖോബ്രഗഡെയെ 2,50,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടിരുന്നു. ജനുവരിയിലാണ് കേസ് വീണ്ടും കോടതിയുടെ മുന്നില്‍ വരുന്നത്.

 

ഇന്ത്യയിലുള്ള എല്ലാ യു.എസ് കോണ്‍സുല്‍ ഉദ്യോഗസ്ഥരോടും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് ഇന്ത്യയുടെ കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് സമാനമായവയ്ക്ക് മാത്രം അര്‍ഹമാകുന്ന തരത്തില്‍ പുതിയ കാര്‍ഡുകള്‍ നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. ന്യൂഡല്‍ഹിയില്‍ യു.എസ് സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് ബാരിക്കേഡുകള്‍ ഇന്ത്യ ഇന്നലെ രാത്രി നീക്കിയിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന യു.എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച ആഭ്യന്തരകാര്യ മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതിഷേധ സൂചകമായി റദ്ദാക്കി. നേരത്തെ, ലോക്സഭാ സ്പീക്കര്‍ മീര കുമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ എന്നിവരും യു.എസ് സംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു.

 

ഇന്ത്യയിലെ യു.എസ് സ്ഥാനപതി കാര്യാലയത്തിലേയും കോണ്‍സുലേറ്റുകളിലേയും ഇന്ത്യന്‍ ജീവനക്കാരുടെ ശമ്പള വിവരങ്ങളും ഇന്ത്യ ശേഖരിക്കുന്നുണ്ട്. യു.എസ് പൌരര്‍ക്ക് നല്‍കുന്നതിലും വളരെ കുറഞ്ഞ വേതനമാണ് ഇവിടങ്ങളില്‍ ഇന്ത്യന്‍ പൌരര്‍ക്ക് നല്‍കുന്നതെന്ന് നേരത്തെ യു.എസ് ടെലിവിഷന്‍ ചാനലായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

 

കുട്ടികളെ പരിചരിക്കാന്‍ കൊണ്ടുവന്ന ആയയ്ക്ക് ന്യൂയോര്‍ക്കിലെ മിനിമം വേതനം നല്‍കിയില്ലെന്നും ഇതിനായി വിസാ രേഖകളില്‍ ക്രമക്കേട് കാണിച്ചെന്നുമാണ് ഖോബ്രഗഡെയ്ക്കെതിരെയുള്ള ആരോപണം.  ന്യൂയോര്‍ക്കിലെ മിനിമം വേതനം മണിക്കൂറിന് 9.75 ഡോളര്‍ ആണെങ്കിലും ആയയ്ക്ക് 3.31 ഡോളറാണ് നല്‍കിയിരുന്നത്. മാസം ഏകദേശം 500 ഡോളര്‍ (30,000 രൂപ) ആണ് ഇപ്രകാരം ആയ സംഗീത റിച്ചാര്‍ഡിന് ലഭിച്ചതെന്നാണ് സൂചന.

Tags