ലോക്പാല്‍ ബില്ലിനായി ഡിസംബര്‍ പത്ത് മുതല്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. സ്വന്തം ഗ്രാമമായ റലേഗാന്‍ സിദ്ധിയിലെ യാദവ്ബാബ ക്ഷേത്രത്തിലായിരിക്കും നിരാഹാരം. ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന് സമരം പ്രഖ്യാപിച്ച് കൊണ്ട് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ധൈര്യമില്ലാത്തതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ വെച്ച് താമസിപ്പിക്കുകയാണെന്ന് ഹസാരെ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ബില്‍ നിയമമാക്കുന്നത് വൈകുന്നതിനെതിരെ ഹസാരെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്രമന്ത്രി വി.നാരായണ സ്വാമി അയച്ച മറുപടിക്കത്തില്‍ ലോക്പാല്‍ ബില്ലിനായി നടപടികള്‍ കൈക്കൊണ്ടു വരികയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ഇത്തന്നെയാണ് പറയുന്നതെന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഹസാരെ കുറ്റപ്പെടുത്തി. 2011-ലെ ജന്‍ലോക്പാല്‍ സമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ ലോക്പാല്‍ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ ഇതുവരെ ബില്‍ പാസാക്കിയിട്ടില്ല.