രാജ്യത്തെ പൊതുമേഖലയിലെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്ക് (ഭാരതീയ മഹിളാ ബാങ്ക്) ചൊവ്വാഴ്ച മുംബൈയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിച്ചതോടെയാണ് ബാങ്കിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനമായത്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും ധനമന്ത്രി പി.ചിദംബരവും ചടങ്ങില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബാങ്കിന്‍റെ ശാഖകള്‍ തുടങ്ങുകയോ പ്രചാരണം നടത്തുകയോ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിലാണ് വനിതകള്‍ക്ക് മാത്രമായുള്ള ബാങ്ക് -ഭാരതീയ മഹിളാ ബാങ്ക് ഉദ്ഘാടനം ചെയ്തത്.
സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ നടത്തുന്ന ബാങ്ക് എന്ന ആശയം കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പി.ചിദംബരമാണ് മുന്നോട്ടുവച്ചത്. പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ബാങ്ക് മുന്‍ഗണന നല്‍കുക. നിക്ഷേപം പുരുഷന്മാരില്‍നിന്ന് സ്വീകരിക്കുമെങ്കിലും നടത്തിപ്പ് പൂര്‍ണമായും സ്ത്രീകളുടെ ചുമതലയിലായിരിക്കും. ഇതിന്റെ ഭാഗമായി പ്രാരംഭ മൂലധനമായി 1000 കോടി രൂപ കേന്ദ്രബജറ്റില്‍ നീക്കിവെക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ വച്ച് ഉദ്ഘാടനം നടത്താനായിരുന്നു ആദ്യ തീരുമാനം എന്നാല്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടയിരുന്ന ഉഷ അനന്തസുബ്രഹ്മണ്യനാണ് ഭാരതീയ മഹിളാ ബാങ്കിന്‍റെ ആദ്യ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറും. ഡല്‍ഹിയാണ് ബാങ്കിന്‍റെ ആസ്ഥാനം. ആദ്യ ശാഖകള്‍ കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഗുവാഹത്തി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് നിലവില്‍വരുക. 2014 മാര്‍ച്ച് 31-ന് 25 ശാഖകള്‍ ആവും.