Skip to main content
ന്യൂഡല്‍ഹി

manmohan singhബിര്‍ള ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് രജിസ്ടര്‍ ചെയ്ത കേസില്‍ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചോദ്യാവലി കൈമാറി. മറുപടിക്കനുസരിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ചോദ്യം ചെയ്യണമോയെന്ന് തീരുമാനിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 

 

കേസില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും സി.ബി.ഐക്ക് തന്നെ ചോദ്യംചെയ്യാമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ആവശ്യപ്പെട്ട് സി.ബി.ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് ചൊവ്വാഴ്ച കത്തയച്ചിരുന്നു.

 

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയേയും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി പരഖിനെയും ഹിന്‍ഡാല്‍കോയേയും താലാബിര പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് ആരോപിച്ച് ഒക്ടോബര്‍ 15-ന് സി.ബി.ഐ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ കേസില്‍  പ്രതി ചേര്‍ത്തിരുന്നു. ഈ നടപടിയില്‍ ക്രമക്കേടുണ്ടെന്ന സി.ബി.ഐ ആരോപണം തള്ളിയ പി.എം.ഒ തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയാണെന്നും  തീരുമാനം ശരിയാണെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനില്‍ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.  

 

കല്‍ക്കരിപ്പാടം പരിശോധനാ കമ്മിറ്റിയുടെ തീരുമാനത്തിന് വിപരീതമായാണ് ഹിന്‍ഡാല്‍കോയ്ക്ക് പരഖ് ഖനന അനുമതി നല്‍കിയതെന്നും ഈ തീരുമാനം മേലധികാരി അംഗീകരിച്ചു എന്നും സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മേലധികാരി അന്ന്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി തന്നെയാണെന്നും തന്റെ തീരുമാനം മാറ്റാനുള്ള അധികാരമുള്ളയാളാണ് വകുപ്പ് മന്ത്രി എന്നും പരഖ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പി.എം.ഒയുടെ വിശദീകരണം.

Tags