കൂടംകുളം പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ യൂണിറ്റുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച റഷ്യയുമായുള്ള കരാര്‍ ഇന്ത്യ-റഷ്യ പതിനാലാം ഉച്ചകോടിയില്‍ ഒപ്പിടില്ല. വാണിജ്യ- നിയമസാധുതകളില്‍ കൂടുതല്‍ പഠനം അത്യാവശ്യമാണെന്നും അതിനുശേഷം കരാറില്‍ ഒപ്പുവച്ചാല്‍ മതിയെന്നുമാണ് തീരുമാനം. ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനും റഷ്യയുടെ റൊസാറ്റവുമായുള്ള വാണിജ്യക്കരാറായതിനാല്‍ ഈ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
റഷ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പതിനാലാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കും. സന്ദര്‍ശനത്തിനിടെ തടവുകാരെ കൈമാറുന്ന കരാറില്‍ മന്‍മോഹന്‍സിങ് ഒപ്പിടും. ഇതോടെ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇരുരാജ്യങ്ങളിലെയും തടവുകാര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് പോകാനാകും. റഷ്യന്‍ സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കും. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.