Skip to main content
ന്യൂഡല്‍ഹി

manmohan singhആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെയെന്ന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). എന്നാല്‍, ഈ നടപടിയില്‍ ക്രമക്കേടുണ്ടെന്ന സി.ബി.ഐ ആരോപണം തള്ളിയ പി.എം.ഒ തീരുമാനം ശരിയാണെന്ന നിലപാടില്‍ പ്രധാനമന്ത്രി ഉറച്ചുനില്‍ക്കുന്നതായും പ്രസ്താവനയില്‍ അറിയിച്ചു. 2005 ഒക്ടോബര്‍ ഒന്നിന് നല്‍കിയ അവസാന അംഗീകാരം പൂര്‍ണ്ണമായും ക്രമപ്രകാരവും അര്‍ഹതയുടെ അടിസ്ഥാനത്തിലാണെന്നുമുള്ള കാര്യത്തില്‍ പ്രധാനമന്ത്രി സംതൃപ്തനാണെന്ന് പ്രസ്താവന പറയുന്നു.  

 

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയേയും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി.സി പരഖിനെയും ഹിന്‍ഡാല്‍കോയേയും താലാബിര പാടങ്ങള്‍ അനുവദിച്ചതിലെ ക്രമക്കേട് ആരോപിച്ച് ഒക്ടോബര്‍ 15-ന് സി.ബി.ഐ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് പുതിയ കേസില്‍  പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍, തന്നെ കേസില്‍ പ്രതി ചേര്‍ക്കുകയാണെങ്കില്‍ തീരുമാനം അംഗീകരിച്ച പ്രധാനമന്ത്രിയെ കേസില്‍ എന്തുകൊണ്ട് പ്രതി ചേര്‍ക്കുന്നില്ല എന്ന് പരഖ് ആരാഞ്ഞിരുന്നു. കല്‍ക്കാരിപ്പാടം പരിശോധനാ കമ്മിറ്റിയുടെ തീരുമാനത്തിന് വിപരീതമായാണ് ഹിന്‍ഡാല്‍കോയ്ക്ക് പരഖ് ഖനന അനുമതി നല്‍കിയതെന്നും ഈ തീരുമാനം മേലധികാരി അംഗീകരിച്ചു എന്നും സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ മേലധികാരി അന്ന്‍ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി തന്നെയാണെന്നും തന്റെ തീരുമാനം മാറ്റാനുള്ള അധികാരമുള്ളയാളാണ് വകുപ്പ് മന്ത്രി എന്നും പരേഖ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.എം.ഒയുടെ വിശദീകരണം.

 

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ശുപാര്‍ശയും 1996-ല്‍ തന്നെ ഹിന്‍ഡാല്‍കോ ഈ പാടത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നെന്ന വസ്തുതയും കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്ന് പി.എം.ഒയില്‍ നിന്നുള്ള പ്രസ്താവന വിശദീകരിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ (എന്‍.എല്‍.സി) പാടം അനുവദിക്കുന്നതിന് മുന്‍പ് കുമാര്‍ മംഗലം ബിര്‍ള താലാബിര – 2 പാടം തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2005 മെയ് ഏഴിനും ജൂണ്‍ 17-നും രണ്ട് കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചതായി പി.എം.ഒ പറയുന്നു. എന്നാല്‍, എന്‍.എല്‍.സിക്ക് പാടം അനുവദിക്കാനാണ് ആഗസ്തില്‍ കല്‍ക്കരി വകുപ്പ് ശുപാര്‍ശ ചെയ്തത്. മുന്‍പ് മഹാനദി കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍ (എം.സി.എല്‍)കല്‍ക്കരിപ്പാടം അനുവദിച്ചെങ്കിലും ഹിന്‍ഡാല്‍കോ ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.

 

ഈ ശുപാര്‍ശ പി.എം.ഒയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് നവീന്‍ പട്നായിക്ക് താലാബിര – 2 പാടം ഹിന്‍ഡാല്‍കോയ്ക്ക് അനുവദിക്കുന്നതാണ് സംസ്ഥാനത്തിന്റെ താല്‍പ്പര്യം എന്നറിയിച്ച് ആഗസ്ത് 17-ന് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതെന്ന് പി.എം.ഒ പറയുന്നു. ഇതെ തുടര്‍ന്ന് ഫയല്‍ കല്‍ക്കരി വകുപ്പിന് തിരിച്ചയച്ചതായും പൊതുമേഖലാ സ്ഥാപനങ്ങളായ എം.സി.എല്‍, എന്‍.എല്‍.സി എന്നിവക്കൊപ്പം ഹിന്‍ഡാല്‍കോയും ചേരുന്ന ഒരു സംയുക്ത സംരംഭം രൂപീകരിച്ച് ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാന്‍ കല്‍ക്കരി വകുപ്പ് പുതിയ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നുവെന്ന് പി.എം.ഒ വിശദീകരിക്കുന്നു. എന്നാല്‍, ഈ തീരുമാനത്തില്‍ അഴിമതി നടന്നുവെന്നാണ് സി.ബി.ഐ ആരോപണം.

 

കേന്ദ്ര സര്‍ക്കാറിന്റെ മുന്‍‌കൂര്‍ അംഗീകാരത്തോടെ സംസ്ഥാന സര്‍ക്കാറുകളാണ് കല്‍ക്കാരി ഖനനത്തിന് അനുമതി നല്‍കുന്നത് എന്നതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അഭിപ്രായ ഐക്യത്തോടെ തീരുമാനമെടുക്കുന്നതാണ് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് അഭികാമ്യമെന്നതാണ് പി.എം.ഒയുടെ മറ്റൊരു വാദം. 

Tags