Skip to main content
ന്യൂയോര്‍ക്ക്

manmohan meets nawas sherifജമ്മു-കശ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ ഈയിടെ ഉണ്ടായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. ഇരുരാജ്യങ്ങളിലേയും മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് ഇതിനാവശ്യമായ സംവിധാനം ഒരുക്കുന്നതിന്റെ ചുമതല നല്‍കും.

 

ന്യൂയോര്‍ക്കില്‍ യു.എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തിന്റെ പാര്‍ശ്വങ്ങളില്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങും നവാസ് ഷെരിഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പാകിസ്ഥാനില്‍ മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്  നവാസ് ഷെരിഫ് അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

 

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും പാക് വിദേശകാര്യ സെക്രട്ടറി ജലില്‍ അബ്ബാസ് ജിലാനിയും പ്രത്യേകം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി. നിയന്ത്രണരേഖയിലെ സ്ഥിതി മെച്ചപ്പെടുത്തേണ്ടത്‌ സമാധാന ചര്‍ച്ചകളുടെ മുന്നുപാധിയാണെന്ന് ഇരുവരും സമ്മതിച്ചു. ഒരു ദാശാബ്ദം നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ ഈയിടെ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയും ഇരുഭാഗത്തും സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

26/11 മുംബൈ ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്‍മോഹന്‍ സിങ്ങ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി മേനോന്‍ അറിയിച്ചു. പാകിസ്ഥാന്‍ ലക്ഷ്യവും ഇത് തന്നെയാണെന്ന് നവാസ് ഷെരിഫ് മറുപടി നല്‍കിയതായും മേനോന്‍ പറഞ്ഞു. സിയാച്ചിന്‍, സിര്‍ക്രീക് വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ചര്‍ച്ചയായി.

 

നവാസ് ഷെരിഫ് ബലൂചിസ്ഥാന്‍ പ്രശ്നം ചര്‍ച്ചയില്‍ ഉന്നയിച്ചതായി മേനോന്‍ സമ്മതിച്ചു. എന്നാല്‍, വിഘടനവാദ പ്രശ്നം നേരിടുന്ന ഈ പാകിസ്ഥാന്‍ മേഖലയില്‍ ഇന്ത്യ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് മന്‍മോഹന്‍ സിങ്ങ് അറിയിച്ചു. ഇന്ത്യന്‍ ഇടപെടലിന് എന്തെങ്കിലും തെളിവ് പാകിസ്ഥാന്റെ പക്കലുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ തയ്യാറാണെന്നും മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.