Skip to main content
ന്യൂഡല്‍ഹി

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അനുശോചനത്തിന്റെ ഭാഗമായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. മണ്ടേലയുടെ മരണം ദക്ഷിണാഫ്രിക്കയുടെ എന്ന പോലെ ഇന്ത്യയുടേയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മണ്ടേല ഒരു യഥാര്‍ത്ഥ ഗാന്ധിയന്‍ ആയിരുന്നെന്നും മന്‍മോഹന്‍ സിങ്ങ് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും വരും തലമുറകള്‍ക്ക് പ്രചോദനമായി അവശേഷിക്കുമെന്ന് സിങ്ങ് പറഞ്ഞു.

 

 ജോഹന്നാസ്ബര്‍ഗിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. 95-കാരനായ മണ്ടേല ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 1990-ല്‍ ഇന്ത്യ ഭാരതരത്നം നല്‍കി ആദരിച്ചിട്ടുണ്ട്.

 

വര്‍ണ വിവേചനത്തിനെതിരെ മണ്ടേല നടത്തിയ പോരാട്ടങ്ങള്‍ മാതൃകാപരമെന്ന് വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി പറഞ്ഞു. ലോകത്തിന് ധാര്‍മിക പിന്തുണ നല്‍കുന്നതില്‍ മണ്ടേല മുഖ്യ പങ്കുവഹിച്ചെന്നും അദ്ദേഹം അനുസ്മരിച്ചു. ലോകനേതാവും മാനവികതയുടെ പ്രചോദനവുമായിരുന്ന മണ്ടേല എന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജീ അനുസ്മരിച്ചു.

 

യു.എന്‍ രക്ഷാസഭയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. യു.എന്‍ രക്ഷാസഭയില്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു. മനുഷ്യകുലത്തിനാകെ പ്രചോദനമായ നീതിയുടെയും ന്യായത്തിന്റെയും വക്താവായിരുന്നു മണ്ടേലയെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. ഒരു ലക്ഷ്യത്തെക്കുറിച്ച് സ്വപ്നം കാണുകയും ആ സ്വപ്നത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു മണ്ടേല എന്നും അദ്ദേഹം അനുസ്മരിച്ചു.

 

ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പൊരുതി ലോകപ്രശസ്തനായ ലോക പ്രശസ്തനായ മുന്‍ ആര്‍ച്ച് ബിഷപ്പും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡെസ്മണ്ട് ടുട്ടുവും മണ്ടേലയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിശ്വസിക്കാന്‍ പ്രയാസമുള്ളത് എന്നാല്‍ സത്യമായത് എന്നാണു അദ്ദേഹം പറഞ്ഞത്.  

 

ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയാണ് നഷ്ടമായതെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോചനം ഉള്‍ക്കൊണ്ട് ലക്ഷക്കണക്കിന് വ്യക്തികളില്‍ ഒരാളാണ് താനെന്ന് ഒബാമ അനുസ്മരിച്ചു. വര്‍ണവിവേചനത്തിനെതിരായുള്ള പോരാട്ടമായിരുന്നു തന്റെ ആദ്യകാല രാഷ്ട്രീയ നീക്കമെന്നും  ഒബാമ പറഞ്ഞു. അദ്ദേഹത്തോട് ചേര്‍ത്തല്ലാതെ തന്റെ ജീവിതത്തെ കാണാനാവില്ല. അദ്ദേഹത്തില്‍ നിന്ന് പഠിച്ചത് ജീവിതകാലത്തോളം പ്രവര്‍ത്തിക്കുമെന്നും ഒബാമ വ്യക്തമാക്കി.

 

അടിച്ചമര്‍ത്തപ്പെടലിനെതിരെയും അടിമത്തത്തിനെതിരെയും അദ്ദേഹം വഹിച്ച പങ്ക് എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് ജര്‍മന്‍ വൈസ് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. മനുഷ്യാവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച മണ്ടേലയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മ്യാന്മാറിലെ സ്വാതന്ത്ര സമര പോരാളി ഓങ്ങ് സാന്‍ സൂചി പറഞ്ഞു. ആഫ്രിക്കയുടെ സ്വതന്ത്ര്യത്തിനും നീതിയ്ക്കും വേണ്ടി പോരാടിയ ആദ്യ പ്രസിഡന്റുകൂടിയായ മണ്ടേലയുടെ വിയോഗത്തില്‍ കുടുംബത്തോടും ദക്ഷിണാഫ്രിക്കയോടുമോപ്പം ബ്രിട്ടണും പങ്കുചേരുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അനുശോചിച്ചു.

 

മണ്ടേലയുടെ നിര്യാണത്തില്‍ ലോകത്തിലെ പ്രമുഖ കായിക താരങ്ങളും കായിക സംഘടനാ മേധാവികളും  അനുശോചിച്ചു. ക്ഷമാശീലത്തിന്റെ പ്രതിരൂപമായിരുന്നു മണ്ടേലയെന്ന് ബോക്സിംഗ് താരം മുഹമ്മദാലി പറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ പ്രസിഡണ്ട് സ്ലെപ് ബ്ലാറ്ററും മണ്ടേലയുടെ മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തി. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സും മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും മണ്ടേലയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Tags