Skip to main content
കൊളംബോ

ചോഗം ഉച്ചകോടിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ലങ്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് ശ്രിലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ രംഗത്ത്. ശ്രീലങ്ക ഒന്നും ഒളിച്ചു വക്കുന്നില്ലെന്നും എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 15 വെള്ളിയാഴ്ച ചോഗം ഉച്ചകോടി നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

30 വര്‍ഷമായി നീണ്ടുനിന്നിരുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തര യുദ്ധത്തിലൂടെ കഴിഞ്ഞെന്ന് രാജപക്സെ പറഞ്ഞു. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരായ അതിക്രമത്തെ സൈന്യം നേരിട്ടതിനെതിരെ ലോകത്തെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിമര്‍ശനം ശക്തമാണ്.

 

അതേസമയം ഇന്ത്യയില്‍ നിന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പങ്കെടുക്കാത്തത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഇന്ത്യ കോമണ്‍വെല്‍ത്ത് സമ്മേളനം ബഹിഷ്കരിച്ചിട്ടില്ലെന്നും മഹീന്ദ്ര രാജപക്സെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ വിദേശകാര്യ മന്ത്രിയെ അയച്ചതില്‍ സംതൃപ്തനാണെന്നും രാജപക്സെ പറഞ്ഞു. മാത്രമല്ല തമിഴ് ജനതയുടെ വികാരം മാനിച്ചാണ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞിട്ടില്ലെന്നും രാജപക്സെ വ്യക്തമാക്കി. ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന വംശീയ പ്രശ്‌നങ്ങളും പീഡനങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം ഒഴിവാക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം മാറ്റിയത്. ശ്രീലങ്ക മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നാരോപിച്ച് കാനഡ പ്രധാനമന്ത്രിയും ചോഗം ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

Tags