Skip to main content

ജിദ്ദ: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൌദി അറേബ്യയില്‍ എത്തി. അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൌദി സന്ദര്‍ശിക്കുന്നത്. സൌദി സ്വദേശിവല്‍ക്കരണ നയം നിതാഖത് ഊര്‍ജിതമാക്കിയ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.

 

സൗദി വിദേശകാര്യ മന്ത്രി സൌദ്‌ അല്‍-ഫസല്‍ രാജകുമാരനുമായി നിതാഖതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഖുര്‍ഷിദ് പറഞ്ഞു. ജൂലൈ മൂന്നാണ് സൌദിയില്‍ നിയമവിധേയമല്ലാതെ ജോലിയെടുക്കുന്നവര്‍ക്ക്  തടവോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസാന ദിവസം. ഏകദേശം 75000 പേരാണ് സൌദിയില്‍ സ്വദേശിവല്‍ക്കരണത്തിന്‍റെ ഫലമായുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നത്.

 

രാജ്യം വിടാനുള്ള അടിയന്തര വിസക്കായി ഇവരില്‍ 57,000 പേരോളം അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം 500 അപേക്ഷകള്‍ മാത്രമാണ് സൗദി അധികാരികള്‍ പരിഗണിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. 21,000 പേര്‍. കേരളത്തില്‍ നിന്നും 3610 പേര്‍ മാത്രമാണ് അടിയന്തര വിസക്ക് അപേക്ഷിച്ചിട്ടുള്ളത്. അനധികൃത ജോലിക്കാരുടെ എണ്ണത്തില്‍ ആന്ധ്ര പ്രദേശ് (8695) പശ്ചിമ ബംഗാള്‍ (7913),  മഹാരാഷ്ട്ര (7000), തമിഴ് നാട് (5430) എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറകില്‍ ആറാം സ്ഥാനത്താണ് കേരളം.
 

Tags