Skip to main content

കേരളത്തിന്റെ വികസന സങ്കല്‍പങ്ങളില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയാസൂത്രണം. 1996 ലാണ് ജനകീയാസൂത്രണം നടപ്പില്‍ വന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പദ്ധതിക്കിപ്പോള്‍ 25 വയസ്സാകുന്നു. എന്താണ് ജനകീയാസൂത്രണത്തിന്റെ നിലവിലെ അവസ്ഥ? വിഭാവനം ചെയ്തതുപോലെ തന്നെ നടപ്പിലായോ?എവിടെയൊക്കെയാണ് പോരായ്മകള്‍ സംഭവിച്ചത് ?ജനകീയാസൂത്രണത്തിന്റെ ഭാവി എന്ത് ?

കേരളം മറ്റൊരു തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടുന്ന  പശ്ചാത്തലത്തില്‍ കൂടി ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനും മുന്‍ ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാനുമായ എസ്.എം വിജയാനന്ദ് ഐ.എ.എസ് സംസാരിക്കുന്നു.

 

 ഭാഗം 2

1. അഴിമതി കുറയ്ക്കാനായി എന്തൊക്കെയാണ് നമുക്ക് ചെയ്യാനാവുക?

ചെറിയ അഴിമതി പോലും ലോക്കല്‍ ഗവണ്‍മെന്റില്‍ സംഭവിക്കരുത് എന്ന        പക്ഷക്കാരനാണ് ഞാന്‍. കാരണം ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടും. നമ്മള്‍ വളരെ ആദര്‍ശമൊക്കെ പ്രസംഗിച്ച് നടന്നാലും മെമ്പര്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും കാശ് മേടിയ്ക്കുകയോ അല്ലെങ്കില്‍ ആ പഞ്ചായത്ത് രാഷ്ട്രീയത്തിന്റെ പേരില്‍ എന്തെങ്കിലും തെറ്റ് ചെയ്താലോ ജനാധിപത്യത്തിന്റെ വിശ്വാസം സാധാരണക്കാരന് നഷ്ടപ്പെടും. ഞാന്‍ പലപ്പോഴും പറയുന്നത് വേര് ചീഞ്ഞു പോവും പിന്നെ മരം വളരില്ല. 
ലോക്കല്‍ ഗവണ്‍മെന്റിന് പല രീതിയില്‍ അഴിമതി തടയാന്‍ സാധിക്കും. ഒന്ന് സുതാര്യത, അത് ഇപ്പോള്‍ ഉണ്ട് എന്നാലും കുറേക്കൂടി കൂട്ടാന്‍ സാധിക്കും. രണ്ട് ഇ ഗവേണന്‍സ് കൊണ്ട് അഴിമതി കുറയ്ക്കാന്‍ സാധിക്കും. പിന്നെ ഇന്ന് ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത ഒരു സംവിധാനം കേരളത്തിലുണ്ട് അതിന്റെ അറിവ് ജനങ്ങള്‍ക്കും കുറവാണ് പഞ്ചായത്തിനും കുറവാണ്, ഓംബുഡ്സ്മാന്‍. ഓംബുഡ്സ്മാന്റെ അധികാരം ആര്‍ക്കും തന്നെ അറിഞ്ഞുകൂടാ. ഒരു അഴിമതിയുടെ പരാതി കിട്ടിയാല്‍ അവരെ പരിശോധിച്ച് കുറ്റം കണ്ടു പിടിയ്ക്കുകയല്ല, തിരുത്താന്‍ പറ്റും. ഒരു മേയറെ വരെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കാനുള്ള അധികാരമുണ്ട്. ഇങ്ങനെ എല്ലാ രീതിയിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അഴിമതി തടയാന്‍ സാധിക്കും. 

2.പുതിയ സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി കാര്യങ്ങള്‍ സുതാര്യമാക്കാന്‍ കഴിയില്ലേ?

തീര്‍ച്ചയായും. ധനകാര്യ കമ്മീഷന്റെ ഒരു ഡയറക്ട് വര്‍ക്ക് അല്ലെങ്കിലും കാശ് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. എങ്ങനെ സുതാര്യമാക്കാന്‍ സാധിക്കും മോഡേണ്‍ ടെക്നോളജീസ് എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കും എന്നതിനെ പറ്റിയൊക്കെയുള്ള ആശയങ്ങള്‍ പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. 

3. കിഴക്കമ്പലത്തെ ട്വന്റി 20യുടെ കടന്നുവരവിനെ എങ്ങനെയാണ് കാണുന്നത് ? 

ട്വന്റി 20നെ കുറിച്ച് കൂടുതല്‍ ഞാന്‍ പഠിച്ചിട്ടില്ല. പക്ഷെ ആരുടെയെങ്കിലും കീഴില്‍ ഒരു ജനകീയ ബോഡി വരുന്നത് ശരിയല്ല. പഞ്ചായത്ത് ഭരണത്തില്‍ പൊളിറ്റിക്കല്‍ കണ്‍ട്രോള്‍ തന്നെ ശരിയല്ല. പിന്നെ ലൈസന്‍സ് കൊടുക്കുന്നത് പഞ്ചായത്ത് രാജ് ഫൈനല്‍ അല്ല. അതിന്റെ അപ്പീല്‍ ഉണ്ട്. അപ്പീല്‍ മിക്കതും കേള്‍ക്കുന്നത് ഒരു ജില്ലാ ജഡ്ജിയാണ്. ശരിക്കും പഞ്ചായത്ത് തെറ്റായ ഒരു തീരുമാനം എടുത്താല്‍ അപ്പീല്‍ സംവിധാനം ഉണ്ട്. അഴിമതി ആണെങ്കില്‍ ഓംബുഡ്സ്മാനുണ്ട്. അത് പലരും ഉപയോഗിക്കാത്തതിന്റെ പ്രശ്നം ഉണ്ട്. 

4. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോകക്രമം തന്നെ മാറുകയാണ്, അതിനനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിലും പരിഷ്‌കാരങ്ങള്‍ ആവശ്യമല്ലേ?

പോസ്റ്റ് കൊവിഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആശയം പറയുവാണെങ്കില്‍ ആദ്യം താങ്കള്‍ പറഞ്ഞ പോലെ പാരിസ്ഥിതികമായിട്ടുള്ളതാണ്. കാരണം ജൈവവൈവിദ്ധ്യം, മണ്ണ്, സസ്യം എല്ലാം സംരക്ഷിക്കേണ്ടതുണ്ട്. പിന്നെ വ്യക്തിപരമായിട്ട് പറയുകയാണെങ്കില്‍ കേരളം കുറേക്കൂടി പ്രകൃതിദത്തമായ കൃഷിരീതിയിലേക്ക് പോകണമെന്നുള്ളതാണ്. ഇതിന് കേരളത്തില്‍ വളരെ സാധ്യതയുണ്ട്. മണ്ണ്, വെള്ളം. സസ്യം ഇതെല്ലാം നോക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഒരു കാര്യമാണ്.

രണ്ടാമത് വരുന്ന കാര്യം നമ്മള്‍ കൊടുക്കുന്ന സേവനമാണ്. ഐ.സി.ഡി.എസില്‍ കുട്ടികളുടെ ന്യൂട്രീഷ്യന്‍ മുതല്‍ ഉള്ള കാര്യങ്ങള്‍. ഈ സേവനത്തിന്റെ ഗുണം എന്താണ്. അത് ഇപ്പോള്‍ നല്ല വ്യത്യാസമുണ്ട്. ഞാന്‍ ഒരു പഠനം കണ്ടത് 95ല്‍ പരിഷത് നടത്തിയ ഒരു പഠനത്തില്‍ പറഞ്ഞത് 28ശതമാനം ആളുകള്‍ മാത്രമെ ഒള്ളൂ പൊതുമേഖലാ ആശുപത്രികളില്‍ പോകുന്നത്. അത് 2014ല്‍ എന്‍.എസ്.എസ്.ഒയുടെ കണക്കില്‍ 33.3 ആയിക്കൊണ്ടിരിക്കുകയാണ്. 2017-18ലെ കണക്കില്‍ അത് 47.8 ആയി മാറി. കൂടുതല്‍ ആള്‍ക്കാര്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രി ഉപയോഗിക്കുന്നു. അത് പോലെ സര്‍ക്കാര്‍ സ്‌ക്കൂളുകളിലും കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. ഈ സര്‍വീസ് ഡെലിവറി ലോക്കല്‍ ഗവേണന്‍സിന് ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാണ്.

ലോക്കല്‍ ഗവേണന്‍സ് പ്രതീക്ഷിക്കാത്ത രീതിയില്‍ ചെയ്ത ഒരു കാര്യമാണ് കെയര്‍ ആന്‍ഡ് കംപാഷന്‍ അതായത് സാന്ത്വന പരിചരണം. ഭിന്നശേഷിയുള്ളവര്‍ക്കായി ബഡ്സ് സ്‌ക്കൂള്‍. ഏറ്റവും പാവപ്പെട്ടവര്‍ക്കായി ആശ്രയ. ഇത് അവര് നല്ല രീതിയില്‍ ചെയ്യുന്നുണ്ട്. 

പിന്നെ തൊഴിലവസരം. നല്ല വരുമാനത്തിലുള്ള തൊഴിലവസരങ്ങള്‍. അത് അത്ര എളുപ്പമല്ല. എന്നാലും ഗവണ്‍മെന്റ്, ബാങ്ക് ഇവരെല്ലാം കൂടി ചേര്‍ന്നാല്‍ മാത്രമെ പറ്റുകയുള്ളൂ. ഇതെല്ലാം ചെയ്യുന്നതിന് രണ്ട് മുന്ന് കാര്യങ്ങളിലേക്ക് പോകണം. ഒന്ന് സ്ഥിതിവിവരക്കണക്ക് കുറച്ചൂടി ഡീറ്റയില്‍ഡ് ആക്കണം. ആ ഒരു കണക്കിന് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണം. രണ്ട് പങ്കാളിത്തം. പിന്നെ താല്‍പ്പര്യമുള്ളവരുടെ സേവനം ഉപയോഗിക്കണം.

5.നമ്മുടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നിട്ടുണ്ട്, അതോടൊപ്പം പ്രായമായവരുടെ ബുദ്ധിമുട്ടുകളും കൂടിക്കൊണ്ടിരിക്കുകയാണ്, അതിലേക്ക് കൂടി ശ്രദ്ധ ആവശ്യമല്ലേ?

ഞാന്‍ കെയര്‍ ആന്‍ഡ് കംപാഷന്‍ എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ഈയൊരു ഗ്രൂപ്പിനെയും കൂടിയാണ്. ഏറ്റവും പ്രായം ചെന്നവര്‍, അത് കഴിഞ്ഞ സെന്‍സസില്‍ 12.6ശതമാനം ആളുകളാണ് ഏകദേശം 60 വയസ്സിന് മുകളിലുള്ളത്. ഞാന്‍ അടുത്തകാലത്ത് സി.ഡി.എസിന്റെ കണക്ക് വായിച്ചപ്പോള്‍ 2026 ആവുമ്പോള്‍ 60 വയസ്സിന് മുകളിലുള്ള ആളുകളും 15 വയസ്സിന് താഴെയുള്ള കുട്ടികളും ഒരേ എണ്ണം ആയിരിക്കും. ജപ്പാനില്‍ ഏകദേശം 30 ശതമാനം ആളുകള്‍ 65 വയസ്സിന് മുകളിലാണ്. ഇവര്‍ക്ക് വേണ്ടത് കാശല്ല. ഇവരെ സോഷ്യലി ചേര്‍ത്ത് നിര്‍ത്തുകയാണ് വേണ്ടത്. വൃദ്ധരുടെ അയല്‍ക്കൂട്ടമൊക്കെ ഒരു സാധ്യതയാണ്. അത് പഞ്ചായത്തുകള്‍ക്ക് ചെയ്യാന്‍ സാധിക്കും.


Part 1 മെമ്പര്‍മാര്‍ക്ക് പോലും അറിയില്ല പഞ്ചായത്തിന്റെ 'പവര്‍'

Part 2 രാഷ്ട്രീയം വോട്ടെടുപ്പ് വരെ, മെമ്പര്‍മാര്‍ക്ക് പക്ഷം പാടില്ല


Ad Image