Skip to main content

mv nikesh kumar

 

 

നികേഷ് കുമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നികേഷിന്റെ സുഹൃത്തുക്കളും അല്ലാത്തവരും നികേഷിനോളമല്ലെങ്കിലും ചെറുതായി വിഷമിച്ചു. കാരണം ഇനി മാദ്ധ്യമ രംഗത്തേക്കു മടങ്ങിവരാനാകില്ല. അദ്ദേഹം തന്നെ പറഞ്ഞിരുന്നു, ഇനി ആ രംഗത്തേക്കില്ലെന്ന്. വിഷമിക്കുന്നവർ അതേ സ്വരത്തിൽ പറയുന്നു, നികേഷ് തോറ്റെങ്കിലും ഇടതു സർക്കാർ അദ്ദേഹത്തിന് എന്തെങ്കിലും നല്ല പദവികൾ കൊടുത്തേക്കും. ഏതെങ്കിലും മികച്ച ബോർഡിന്റെ ചെയർമാൻ സ്ഥാനമോ, ഇൻഫർമേഷൻ കമ്മീഷണർ സ്ഥാനമോ, അതുമല്ലെങ്കിൽ കഴിഞ്ഞ സർക്കാർ തുടങ്ങാൻ തീരുമാനിച്ചിരുന്ന മീഡിയാ സിറ്റി പദ്ധതിക്ക് ജീവൻ നൽകി അതിന്റെ തലവനായോ മറ്റോ എന്നൊക്കെ. ഒരു സ്വാഭാവിക ചിന്തയെന്നോണമാണ് ജനങ്ങളിലും ജനായത്ത സംവിധാനത്തെ കുറിച്ച് സാധാരണ ജനങ്ങളേക്കാൾ കൂടുതൽ അവബോധമുണ്ടെന്ന് സ്വയം കരുതുകയും മറ്റുള്ളവർ കരുതുകയുമൊക്കെ ചെയ്യുന്നവർ ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

 

ഈ രീതിയിലുള്ള ചിന്തയാണ് യഥാർഥമായ അഴിമതി എന്നു പറയുന്നത്. രാഷ്ട്രീയത്തെ വ്യക്തിപരമായ നേട്ടത്തിന് മാത്രമായി കാണുന്നു. അത് രാഷ്ട്രീയമായും കരുതപ്പെടുന്നു. ഇതിൽ നിന്നും വ്യക്തമായി മനസ്സിലാക്കിയെടുക്കാവുന്ന ഒന്നാണ് ജനങ്ങളിലാണ് അഴിമതി നിലനിൽക്കുന്നത്. ആശയതലത്തിലാണ് അഴിമതിയുടെ ജനനം. ഈ ജനത്തിന്റെ പ്രതിനിധികൾ മാത്രമാണ് പ്രതിനിധികളാകുന്നതും അധികാരത്തിലേറുന്നതും. കൈക്കൂലി വാങ്ങി ഭൗതിക നേട്ടമുണ്ടാക്കുക എന്ന വളരെ ചെറിയ തലത്തിലേക്ക് അഴിമതി ചുരുങ്ങാനും കാരണമിതാണ്. ഇതിനെ രാഷ്ട്രീയമായി കാണുകയും വിശ്വസിക്കുകയും ചെയ്യുന്നിടത്താണ് അഴിമതി വിരുദ്ധമാകാൻ വളരെ എളുപ്പമാകുന്നത്. ഈ കാഴ്ചപ്പാടാണ് ഒളിക്യാമറയും അല്ലാതെയുള്ള വെളിപ്പെടുത്തലും കൊണ്ട് അഴിമതിക്കെതിരെയുള്ള യുദ്ധനായക പരിവേഷം സൃഷ്ടിക്കാൻ നികേഷിന് എളുപ്പത്തിൽ കഴിഞ്ഞത്.

 

താര പരിവേഷം

 

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു നടക്കുമ്പോൾ അഴീക്കോട്ടെ ഇടതുപക്ഷ സ്ഥാനാർഥിയായ നികേഷിനെ താരമായാണ് എല്ലാ മാദ്ധ്യമങ്ങളും വിശേഷിപ്പിച്ചത്. കാൽ ഡസനിലേറെ സിനിമാ താരങ്ങൾ മത്സരിച്ച പൊതു തെരഞ്ഞെടുപ്പായിരുന്നു പതിനാലാം നിയമസഭയിലേക്കുള്ളത്. എന്നാൽ ആ താരങ്ങളേക്കാൾ താരമൂല്യം നികേഷിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ച സിനിമാ താരങ്ങളേക്കാൾ കാഴ്ച സൗഭഗം നികേഷിനാണ് എന്നുള്ളത് നിഷേധിക്കുന്നില്ല. എന്നാൽ നികേഷിന് താരപരിവേഷം നൽകിയത് ഒരു കച്ചവട സിനിമകളിലെ നായക ഗുണങ്ങളോടു കൂടിയുള്ള മാദ്ധ്യമപ്രവർത്തന രീതിയാണ്. രാഷ്ട്രീയം വളരെ മോശമായ അവസ്ഥയിലാണ് എന്നുള്ളത് വാസ്തവം തന്നെ. എന്നിരുന്നാലും ഈ അവസ്ഥയിലുള്ള രാഷ്ട്രീയത്തിലൂടെയും ജനങ്ങൾക്ക് പ്രതീക്ഷ നശിക്കാതെ ജനായത്ത പ്രക്രിയകളിൽ ഏർപ്പെടാനും ജനായത്തം പ്രദാനം ചെയ്യുന്ന ഒട്ടേറെ സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും അനുഭവിക്കാനും ഇടം നൽകുന്നു. ഇന്ത്യയിലെ ജനായത്ത സംവിധാനത്തെ ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ അവസ്ഥകളുമായി തട്ടിച്ചു നോക്കിയാൽ ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തി തിരിച്ചറിയാൻ കഴിയും. ആ ശക്തി അവശേഷിക്കുന്നതിനാലാണ് ഇത്തരം ചർച്ചകൾ സാധ്യമാകുന്നതും അതിന്റെ ആവശ്യകതകൾക്ക് പ്രസക്തിയുള്ളതും.

 

രാഷ്ട്രീയം മോശമായതിനാൽ രാഷ്ട്രീയ പ്രവർത്തകർ എല്ലാം വില്ലന്മാരാണ് എന്നൊരു ധാരണ ജനമനസ്സുകളിൽ അടിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടാണ് ഇത്തിരിയെങ്കിലും വ്യത്യസ്തരായവരെ മഹാത്ഭുതം പോലെ ജനം കാണുന്നതും. അവർ പ്രകാശഗോപുരങ്ങളായിട്ടല്ല, മറിച്ച് കൂരിരുട്ടിലെ മിന്നാമിനുങ്ങുകളായിട്ടാണ്. വില്ലന്മാരെ ഇടിച്ചു ചതച്ചുകൊണ്ടുള്ള ഐറ്റം കച്ചവട സിനിമയിലെ പ്രധാന രുചികരമായ മസാലയാണ്. ചില സന്ദർഭങ്ങളിൽ വില്ലന്മാർ നായകന്മാരാൽ കൊല ചെയ്യപ്പെടുന്നതും കാണികൾ ആസ്വദിക്കുന്നു. വില്ലന്മാരായ അല്ലെങ്കിൽ പുലികളായ രാഷ്ട്രീയ പ്രവർത്തകരെ അല്ലെങ്കിൽ അധികാരത്തിലുള്ളവരെ നിർദ്ദയം വാർത്ത കൊണ്ടും വാക്കുകൊണ്ടും മർദ്ദിക്കുകയും കൊല ചെയ്യുകയുമായിരുന്നു നികേഷിന്റെ ചാനൽ പ്രവർത്തനത്തിന്റെ മഖമുദ്ര. തന്റെ മുൻപിൽ വന്നു പെടുന്നവരെ ചോദ്യ ശരങ്ങൾ എയ്തു വീഴ്ത്തുന്ന രീതി. കച്ചവടസിനികളിൽ നായകൻ സ്റ്റണ്ട് നടത്തി വിജയം നേടുന്നത് ജനം അത് ആസ്വദിക്കുന്നതു കൊണ്ടാണ്. അതേ സുഖം തന്നെയാണ് നികേഷിന്റെ ചോദ്യം ചെയ്യലിൽ ജനം ആസ്വദിച്ചത്. അതാണ് നികേഷിന് താരപദവി നേടിക്കൊടുത്തതിലെ ഒരു പ്രധാന ഘടകം. സൗന്ദര്യമുൾപ്പടെ മറ്റു ഘടകങ്ങൾ വേറെയുണ്ട്. എം.വി രാഘവൻ മന്ത്രിയായിരിക്കുമ്പോഴാണ് നികേഷ് ചാനൽ മേധാവിയാകുന്നത്. എം.വി രാഘവനാണെങ്കിൽ കേരളത്തിലെ പുലിയായി അറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ താര പദവിയും ആക്രമണോത്സുക പ്രവൃത്തിയിലും ഭാവത്തിലും ഉണ്ടായിരുന്നതാണ്. അച്ഛൻ മന്ത്രിയായിരിക്കുമ്പോഴും മാദ്ധ്യമപ്രവർത്തകനായ മകൻ അച്ഛനെ വെറുമൊരു മന്ത്രി മാത്രമായി കാണുന്നു. അവിടെയും നികേഷിന്റെ താരപദവി ഉയരാൻ കാരണമായി. കാരണം അച്ഛൻ മന്ത്രിയല്ല, ഒരു ഇടത്തരം നേതാവായാൽ പോലും ആ മേൽവിലാസത്തിൽ മക്കൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കേരളത്തിൽ നികേഷ് അവിടെ വേറിട്ടു നിന്നു. മാത്രമല്ല അച്ഛനെ പോലും ജനസമൂഹത്തിൽ പൊരിക്കാൻ തയ്യാറുള്ള മകൻ. അതുപോലെ തന്നെ സാധാരണക്കാരന്റെ മാദ്ധ്യമപ്രവർത്തക കാഴ്ചപ്പാടിൽ പരിധിയില്ലാത്ത സ്വാതന്ത്ര്യം നൽകുന്ന മാദ്ധ്യമ മേധാവി. നിയമം പാലിക്കാത്ത നിരത്തിലൂടെ ഏതു വിധേനെയും വാഹനമോടിക്കാനുള്ള അവകാശം പോലെയുളള സ്വാതന്ത്ര്യമാണ് നികേഷ് സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേഹശിക്കുന്നതെന്ന് മനസ്സിലാക്കാൻ ജനത്തിനും കഴിയാതെ പോയി. എന്തിന് കേരളത്തിലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനു പോലും അവ്വിധം കാണാൻ കഴിഞ്ഞില്ല. പകരം മുഴുവൻ തുറന്നുകാണിക്കുക എന്നതാണ് സ്വാതന്ത്ര്യം എന്ന നികേഷ് ചാനലിലൂടെ സ്ഥാപിതമാക്കിയ സ്വാതന്ത്ര്യത്തിന്റെ പിന്നാലെ മറ്റ് ചാനലുകളും പത്രങ്ങളും നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

 

അബദ്ധധാരണ

 

ചെയ്യുക, ചെയ്യാതിരിക്കുക, മറിച്ചു ചെയ്യുക. എന്നീ മൂന്ന് അവസ്ഥാവിശേഷങ്ങളാണ് മനുഷ്യന്റെ മുന്നിൽ എപ്പോഴുമുള്ളത്. കണ്ണു തുറന്ന് ഒരു വസ്തുവിലേക്ക് നോക്കുന്നതു തുടങ്ങി മനുഷ്യൻ ഏർപ്പെടുന്ന ഏതു വലിയ കാര്യങ്ങളിലും ഈ മൂന്നിൽ ഒരവസ്ഥയെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത് എന്നിടത്താണ് മനുഷ്യന്റെ സംസ്കാരവും ബുദ്ധിയും ശേഷിയും ശേമുഷിയും എല്ലാം പ്രകടമാകുന്നത്. അതിനാവശ്യം ഏതാണ് വേണ്ടതെന്ന് തിരിച്ച് അറിയുകയാണ്. അതിനെയാണ് തിരിച്ചറിവ് എന്നു പറയുന്നത്. ഒരു മാദ്ധ്യമപ്രവർത്തക, താഴെക്കിടയിൽ നിന്ന് പത്രാധിപർ വരെ, എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് ഈ പ്രക്രിയയാണ്. അയാളുടെ ആ പ്രക്രിയ സമൂഹത്തിലേക്കു പോവുകയും ചെയ്യുന്നു. ഓരോ വാക്കിനും സമൂഹത്തിൽ അത് രസതന്ത്രങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. വ്യക്തിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും വ്യക്തിയും സമൂഹവും തമ്മിലുള്ള സൂക്ഷ്മതല ബന്ധത്തെക്കുറിച്ചും അതിന്റെ സൂക്ഷ്മാംശങ്ങളെക്കുറിച്ചും അഗാധമായ ജ്ഞാനമാണ് പത്രാധിപർക്കുണ്ടാവേണ്ടത്. മുൻപ് അങ്ങിനെയുള്ളവർ ഉണ്ടായിരുന്നു. ഒരു പക്ഷേ നികേഷ് മാദ്ധ്യമപ്രവർത്തനം തുടങ്ങിയപ്പോൾ അത്തരത്തിലുള്ള മാതൃകകളെ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടില്ല എന്നുള്ളതും വസ്തുതയാണ്. അതുകൊണ്ടാണ് ഈ കുറിപ്പ് നികേഷിനെയും നികേഷിന്റെ മാദ്ധ്യമപ്രവർത്തനത്തെയും വിലയിരുത്തിക്കൊണ്ടുതുള്ളതല്ല എന്ന് ആവർത്തിക്കുന്നത്. എന്തായാലും മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വപൂർണ്ണമായ പ്രവർത്തനത്തിന്റെ പേരിലല്ല നികേഷ് താരമായത്. മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ചുള്ള ജനമധ്യത്തിൽ ഉറഞ്ഞുപോയ അബദ്ധ ധാരണയിലൂടെയാണ് അത് സംഭവിച്ചത്. ഒരുപക്ഷേ, കച്ചവടസിനിമകളും കച്ചവട ലക്ഷ്യത്തിനു വേണ്ടി പത്രപ്രവർത്തനത്തെ രൂപപ്പെടുത്തിയ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങളും ഒരുക്കിയെടുത്ത ധാരണയുടെ സന്തതിയാണ് നികേഷ്.

ഒരു തൊഴിലിൽ ഇഷ്ടത്തോടെ ഇടപെടുന്ന വ്യക്തിക്ക് ആ തൊഴിൽ തന്നെ മതി തന്നെയും ലോകത്തേയും മനസ്സിലാക്കാൻ. കാരണം ആ തൊഴിലിന്റെ ആഴങ്ങളിലേക്കു പോകുമ്പോൾ അതുവരെ കാണാത്ത കാഴ്ചകൾ കാണും. അത് ആ വ്യക്തിക്കു വിസ്മയങ്ങൾ നൽകും. ലോകത്തിലെ വാസ്തുശിൽപ്പങ്ങളിലേക്കു നോക്കിയാൽ അതു മനസ്സിലാകും. എന്തിന് കേരളത്തിലെ പഴയ വീടുകളും കെട്ടിടങ്ങളും നോക്കിയാൽ മതി. നല്ല മൂത്താശ്ശാരിമാർ അനുഭവിച്ച സർഗ്ഗാത്മക ആനന്ദത്തിന്റെ കൈയ്യൊപ്പുകളാണവ. ഏതു തൊഴിലും ആ തൊഴിലിന്റെ സർഗ്ഗാത്മകതയിലൂടെയായിരിക്കണം സഞ്ചരിക്കേണ്ടത്. സർഗ്ഗാത്മകതയിൽ എപ്പോഴും പുതുമയായിരിക്കും. ലോകത്തിൽ ഒരിക്കലും ആവർത്തനവിരസതയില്ലാതെ ചെയ്യാൻ കഴിയുന്ന അപൂർവ്വം തൊഴിലുകളിൽ ഒന്നാണ് മാദ്ധ്യമപ്രവർത്തനം. കാരണം ജീവിതം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം അജ്ഞാതമാണ്. അവിടെയാണ് ഓരോ നിമിഷവും പുതുമ സംഭവിക്കുന്നത്. ജീവിതം ആദ്യമായി കാണുന്ന കാഴ്ചബംഗ്ലാവിലൂടെയുള്ള നടത്തം പോലെ മാദ്ധ്യമപ്രവർത്തനത്തെ കാണാൻ കഴിയും.നികേഷ് ആവർത്തിച്ചു. ഇന്ത്യാവിഷൻ റിപ്പോർട്ടറിലും ആവർത്തിച്ചു. ആവർത്തനം നികേഷിനെ മടുപ്പിച്ചു. അത് തുറന്നു പറഞ്ഞു എന്നത് നികേഷിന്റെ ആർജ്ജവമായി കാണുകയും വേണം. നികേഷിൽ ഊർജ്ജം അവശേഷിക്കുന്നു. പക്ഷേ അത് ആക്രമണോത്സുകതയുമായി രമിക്കാൻ ആഗ്രഹിക്കുന്നു. അതാണ് അദ്ദേഹത്തെ തുറന്നുകാണിക്കലിലൂടെയും ആക്രമണശരങ്ങളിലൂടെയും ജനങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നതാണ് മാദ്ധ്യമപ്രവർത്തനമെന്ന് അദ്ദേഹം ധരിക്കുവാനിടയായത്. അവിടെ നികേഷ് നികേഷിനും നികേഷ് മലയാളിക്കും ഒരു നല്ല പാഠപുസ്തകമാകുന്നു. വ്യക്തിപരമായ വൈകാരികതയ്ക്കുള്ളിൽ കിടന്ന് മലയാളി എരിപിരി കൊളളുന്നു. ആ എരിപിരിയാണ് മലയാളിയിൽ ആൾക്കുട്ടമായി മാറുന്നത്. ആ എരിപിരിയാണ് നികേഷ് മാദ്ധ്യമപ്രവർത്തനത്തിന്റെ വഴിയിലൂടെ ചാല് കീറി വിട്ടത്. ആ വ്യക്തിയിലെ ആൾക്കൂട്ടമാണ് രാഷ്ട്രീയത്തെ വ്യക്തിപരമായ നേട്ടകോട്ടങ്ങളുമായി ബന്ധിപ്പിച്ചു കാണാൻ പ്രേരിപ്പിക്കുന്നത്. ആ വൈകാരികതയാണ് നികേഷ് തോറ്റപ്പോൾ ആൾക്കാരെ വിഷമത്തിലാക്കുന്നതും അദ്ദേഹം ഇനി എന്തു ചെയ്യുമെന്നുള്ളത് ആലോചിക്കുന്നതുമൊക്കെ.    (തുടരും)

 

വായിക്കുക:

നികേഷ് കുമാര്‍ എന്ന ആള്‍ക്കൂട്ടം

മാലിന്യത്തെ ആശ്രയിക്കുന്ന നികേഷ് കുമാര്‍


ലേഖകന്‍ മാതൃഭൂമി ദിനപത്രത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു

Ad Image