ആനഎഴുന്നള്ളിപ്പ് വേണ്ടെന്നു വെച്ചാൽ

പലപ്പോഴും കോടതിവിധികളിൽ പൊതുവിൽ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷം സ്വാധീനം ചെലുത്തി കാണാറുണ്ട്. അത്തരത്തിലുള്ള ചില വിധികളിൽ ആക്ടിവിസ സ്വഭാവവും നിഴലിക്കുന്നത് അസാധാരണമല്ല.ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതിയുടെ വിധികളിൽ ഇത്തരത്തിൽ സ്വാധീനം നിഴലിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്.
ക്ഷേത്രങ്ങളിൽ ആന എഴുന്നള്ളിപ്പിനെതിരെ മാധ്യമങ്ങളിലും അതോടൊപ്പം തന്നെ മാധ്യമങ്ങളിലൂടെ പ്രചാരം ലഭിക്കുന്ന അഭിപ്രായരൂപീകരണ വ്യക്തിത്വങ്ങളും രംഗത്ത് വരികയുണ്ടായി. മൃഗസ്നേഹികളും ഇതിൽ മുഖ്യ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം വിധികൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് പരമോന്നത കോടതി ആന എഴുന്നള്ളിപ്പ് സംസ്കാരത്തിൻറെ ഭാഗമല്ലേ എന്ന് ആരാഞ്ഞത്.
സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പ് ക്ഷേത്രോത്സവങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ കേരളത്തിൽ ഇപ്പോഴുള്ള 500 ഓളം വരുന്ന നാട്ടാനകളുടെ അവസ്ഥ എന്താകും? അവയെ കാട്ടിൽ തള്ളാൻ പറ്റുമോ? ആര് നിലവിലുള്ള അവസ്ഥയിൽ കാട്ടാനകളുടെ ആക്രമണത്തിൽ നിരന്തരം വനമേഖലയിലുള്ളവർ മരിക്കുന്ന സാഹചര്യത്തിൽ ഇവയെ കാട്ടിലേക്ക് തള്ളാനും പറ്റില്ല. ഇവയുടെ പരിപാലനം ആര് ഏറ്റെടുക്കും.അതേപോലെ ഉടമകളുടെ നഷ്ടപരിഹാരം.ഇങ്ങനെ ഒട്ടേറെ വിഷയങ്ങൾ . പലപ്പോഴും മൃഗസ്നേഹികളും പൊതു താൽപര്യ ഹർജിക്കാരും പരിമിതമായ തലത്തിൽ മാത്രമേ വിഷയങ്ങളെ കാണാറുള്ളൂ. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ പ്രഥമദൃഷ്ടിയ യുക്തിക്ക് ചേർന്നതായിരിക്കും.അതുകൊണ്ടാണ് മാധ്യമങ്ങളിലൂടെ ഇത്തരം സമീപനങ്ങൾക്കും ആക്ടിവിസത്തിനും സ്വീകാര്യത കിട്ടുന്നത്.