representational image
പല പ്രൊഫഷണല്‍ കോളേജുകളിലായി പഠിക്കുന്ന നാല് കുട്ടികള്‍. രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. ഒരേ സ്‌കൂളില്‍ ഒരേ ക്ലാസ്സിലിരുന്ന് പഠിച്ചവര്‍. അവര്‍ അവധിക്ക് നാട്ടിലെത്തി ഒന്നിച്ചപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാന്‍ ആഗ്രഹം. അവരെല്ലാം കൂടി ആ അദ്ധ്യാപികയുടെ വീട്ടിലെത്തി. വളരെ ആശ്ചര്യത്തോടെയും സന്തോഷത്തോടെയും ടീച്ചര്‍ അവരെ സ്വീകരിച്ചിരുത്തി. അവര്‍ കാണാന്‍ വന്നതില്‍ ടീച്ചര്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. അവരുടെയോരോരുത്തരുടെയും കുസൃതികളും വികൃതികളുമെല്ലാം എടുത്തു പറഞ്ഞും കളിയാക്കിയും മണിക്കൂറുകളോളം ടീച്ചര്‍ കുട്ടികളുമായി ചെലവഴിച്ചു.
ഇടയ്ക്ക് ടീച്ചര്‍ തലയില്‍ കൈ വച്ചുകൊണ്ടു പറഞ്ഞു, ' മക്കളേ എന്റെ സ്വസ്ഥത വീണ്ടും പോയി. നമ്മുടെ റോസ്റ്റ് മാഡത്തിനെ ഇന്നലെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിക്കേണ്ടി വന്നു' റോസ്റ്റ് മാഡം ഈ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു. പുള്ളിക്കാരത്തി അല്‍പ്പസ്വല്‍പ്പം കര്‍ക്കശക്കാരിയായിരുന്നു. പലപ്പോഴും പ്രിന്‍സിപ്പലിന്റെ കൈയില്‍ നിന്ന് ഈ മിസ്സ് കുട്ടികളെയൊക്കെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവരുമായി ഒത്തു പോകാന്‍ വയ്യാത്തതിനെത്തുടര്‍ന്ന്, അതേ മാനേജ്‌മെന്റിന്റെ തന്നെ നഗരത്തിലുള്ള മറ്റൊരു സ്‌കൂളിലേക്ക് ഈ മിസ്സ് മാറ്റം വാങ്ങിപ്പോകുകയായിരുന്നു. അവിടേക്കാണ് റോസ്റ്റ് മാഡം ട്രാന്‍സ്ഫറായി വന്നിരിക്കുന്നത്. അതാണ് ടീച്ചറെക്കൊണ്ട് തലയില്‍ കൈ വയ്പിച്ചുകൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
റോസ്റ്റ് മാഡത്തെ പേടിച്ച് ഈ ടീച്ചര്‍ മുന്‍പത്തെ സ്‌കൂളില്‍ നിന്ന് ഓടിപ്പോവുകയായിരുന്നു. ഇനിയിപ്പോ അവിടുന്നു മാറ്റത്തിന് മാനേജ്‌മെന്റിനെ ഉടന്‍ സമീപിക്കാന്‍ പറ്റില്ല. അഥവാ അങ്ങനെ ചെയ്താല്‍ തന്നെ ഇനി അവിടേക്കും റോസ്റ്റ് മാഡം വരില്ലെന്നെന്താണുറപ്പ് എന്ന ആശങ്കയും ടീച്ചര്‍ കുട്ടികളുമായി പങ്കിട്ടു. തുടര്‍ന്ന് കുട്ടികള്‍ അറിയാത്ത റോസ്റ്റ് മാഡത്തിന്റെ പഴയ ക്രൂരതകള്‍ ടീച്ചര്‍ നിരത്തി. കുട്ടികള്‍ രുചിയോടെ കേട്ട് തങ്ങളുടെ ഇഷ്ടമിസ്സിനോടുള്ള സ്‌നേഹം പ്രകടമാക്കി. പഴയ പ്രിന്‍സിപ്പലിന്റെ കൂടുതല്‍ ക്രൂരമുഖം മനസ്സിലാക്കിക്കൊണ്ട്, കൗമാരക്കാരായ കുട്ടികള്‍ അതൊക്കെ വലിയ വെളിപ്പെടുത്തലുകളായി അവരുടെ പഴയ സഹപാഠികളുമായൊക്കെ പങ്കു വച്ചു. അവരുടെയിടയില്‍ റോസ്റ്റ് മാഡത്തെ പേടിച്ച് തലയില്‍ കൈ വച്ച മിസ്സ് കൂടുതല്‍ താരമായി.
ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ളതാണ് റോസ്റ്റ് മാഡത്തെ പേടിയുള്ള മിസ്സിന്. അതും കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികമാരില്‍ ഒരാള്‍. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരിലൂടെയാണ് കുട്ടികള്‍ അദ്ധ്യാപകരെയും അദ്ധ്യാപനത്തെയും അറിയുന്നതും മാതൃകയാക്കുന്നതും. സ്‌കൂള്‍ വിട്ട് പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഴയ മിസ്സ് കുട്ടികളൊടെന്നല്ലാത്ത വിധം സംസാരിക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ കൗതുകം ഉണ്ടാകും. വിശേഷിച്ചും ആണ്‍കുട്ടികള്‍ക്ക്. കൗമാരത്തില്‍ നിന്ന് പുരുഷനിലേക്കു പ്രവേശിക്കാനുള്ള പടിയിലാണ് അവരുടെ നില്‍പ്പ്. പുരുഷന്റെ ആധിപത്യം തെളിഞ്ഞു തുടങ്ങുന്ന സമയവും. അപ്പോള്‍ ആ പുരുഷന് അംഗീകാരം കിട്ടുന്ന അനുഭവമാണ് പഴയ മിസ്സ് തുല്യരെപ്പോലെ സംസാരിക്കുന്നത്. (വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ തന്നെ അദ്ധ്യാപകര്‍ തുല്യരെപ്പോലെയാണ് കുട്ടികളുടെയടുത്ത് പെരുമാറേണ്ടത്. അതു പരദൂഷണക്കാര്യത്തിലല്ലെന്നു മാത്രം). തങ്ങളുടെ പ്രിയപ്പെട്ട മിസ്സിനെ മോശമായി കാണാന്‍ ഈ കുട്ടികള്‍ക്ക് കഴിയില്ല. അതുകൊണ്ടു തന്നെ ആ മിസ്സ് ചെയ്യുന്നതും പറയുന്നതുമൊക്കെ ഇവര്‍ക്ക് സ്വീകാര്യമാവും. ഈ ഒരൊറ്റ സംഭാഷണം കൊണ്ട് വേണമെങ്കില്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം വ്യക്തിത്വ വൈകല്യങ്ങള്‍ ഈ കുട്ടികളില്‍ ഏറിയും കുറഞ്ഞും ഉണ്ടാകാം. അത് ഓരോ കുട്ടിയുടെയും വൈകാരിക ബുദ്ധിയനുസരിച്ചിരിക്കും. വേണമെങ്കില്‍ അവരെ തെല്ലും സ്വാധീനിക്കാതെയുമിരിക്കാം.
ആ അദ്ധ്യാപികയ്ക്ക് തന്റെ പ്രിന്‍സിപ്പലിനെ അംഗീകരിക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഒരുപക്ഷേ അവരുടെ ഭാഗത്തു നിന്ന് അവ്വിധമുള്ള നടപടികളോ സമീപനങ്ങളോ ഉണ്ടായെന്നിരിക്കാം. സഹപ്രവര്‍ത്തകരോട് ഉചിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരു പ്രധാന അദ്ധ്യാപികയ്ക്ക് ഒരിക്കലും നല്ല രീതിയില്‍ ഒരു സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാനോ നല്ല അദ്ധ്യാപികയാകാനോ കഴിയില്ല. എന്നാല്‍ അവിടെ അദ്ധ്യാപിക തന്റെ വൈകാരിക ഘടകത്തിന് പ്രാധാന്യം കൊടുക്കുന്നതിനേക്കാള്‍ കുട്ടികളുടെ പൊതുവായ താല്‍പ്പര്യത്തിനാണ് പ്രാമുഖ്യം കൊടുക്കേണ്ടിയിരുന്നത്. പ്രധാന അദ്ധ്യാപികയുടെ ദോഷകരമായ നടപടികള്‍ മാറ്റുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമായിരുന്നു. അവരെ ശത്രുവായി കാണുന്ന നിമിഷം അത് അസാധ്യമായി മാറും. എന്നാല്‍ അവരുമായി സ്‌നേഹത്തില്‍ ഇടപഴകി പല ഗുണപരമായ മാറ്റങ്ങളും കൊണ്ടുവരാന്‍ കഴിയുമായിരുന്നു. എന്നാല്‍ അവരെ സ്വീകരിക്കാന്‍ കഴിയാതെ വന്ന ഈ അദ്ധ്യാപിക വൈകാരിക ക്ഷോഭത്തില്‍ പെടുകയാണുണ്ടായത്. അതിന്റെ ഫലമായി പ്രശ്‌നത്തിന്റെ നിന്നും ഒളിച്ചോട്ടം എന്ന നിലയിലാണ് അവര്‍ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോയത്.
പ്രശ്‌നങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടിപ്പോകുന്ന സ്വഭാവം ആ അദ്ധ്യാപികയില്‍ നിക്ഷിപ്തമാണ്. അവര്‍ പ്രധാന അദ്ധ്യാപികയെ പറ്റി പറയുന്ന മുഴുവന്‍ കാര്യങ്ങളും ശരിയാകാന്‍ ഇടയില്ല. ഒരദ്ധ്യാപിക കുട്ടികളോട് സംസാരിക്കുമ്പോള്‍ ഓരോ ഭാവവും വാക്കും ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയെക്കുറിച്ച് പരദൂഷണം പറയുന്നതു തന്നെ സ്വഭാവ വൈകല്യമാണ്. ഈ വൈകല്യം കൊണ്ടാണ് കുട്ടികള്‍ക്ക് ടീച്ചറോട് കൂടുതല്‍ അടുപ്പം തോന്നിയത്. അതിനര്‍ത്ഥം അവരും പരദൂഷണം ആസ്വദിക്കുന്നു. പരുദൂഷണം ആസ്വദിക്കുന്ന സ്വഭാവം കുട്ടികളിലുണ്ടെങ്കില്‍ പെരുമാറ്റത്തിലൂടെയും സംഭാഷണത്തിലൂടെയും അതിനെ അകറ്റി നിര്‍ത്താനുള്ള ഉത്തരവാദിത്വം കൂടിയുള്ള ആളാണ് ഈ മിസ്സ്. ഈ പരദൂഷണം കുട്ടികള്‍ ആസ്വദിക്കുന്നതിനാലാണ് തങ്ങളുടെ ചിന്തയില്‍ പോലുമില്ലാതിരുന്ന പഴയ പ്രിന്‍സിപ്പലിനെക്കുറിച്ച് ഓര്‍ത്തതും അവരുടെ ക്രൂരതകളെക്കുറിച്ച് മിസ്സ് പറഞ്ഞ കാര്യം സുഹൃത്തുക്കളുമായി പങ്കു വച്ചതും. ശിഷ്യരും ഒന്നാംതരം പരദൂഷണപ്രിയരായി. ഈ കുട്ടികളില്‍ സ്വാഭാവികമായി ഒന്നിലധികം പേര്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ വിഭാഗീയതയുടെ അഥവാ ഗ്രൂപ്പിസത്തിലേക്ക് അവര്‍ വഴുതി വീഴും. ഈ ഗ്രൂപ്പിസമാണ് നാലു പേര്‍ പോലുമുള്ള സ്ഥാപനങ്ങളിലും കുടുംബങ്ങളില്‍ പോലും കണ്ടു വരുന്നത്. ഇതെല്ലാം ഒരു വശത്ത് സുഖവും വൈകാരികാവേശവും നല്‍കുന്നു.
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇഷ്ടം കൊണ്ട് കാണാന്‍ വരുമ്പോള്‍ അവരെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന എന്തെല്ലാം കാര്യങ്ങള്‍ പങ്കുവെക്കാന്‍
ഒരദ്ധ്യാപികയ്‌ക്കോ അദ്ധ്യാപകനോ കഴിയും. ചിലപ്പോള്‍ ചില കുട്ടികളുടെ ജീവിതത്തിലെ ആവേശകരമായ വഴിത്തിരിവിനു പോലും അത്തരം അഭിമുഖങ്ങള്‍ കാരണമായെന്നിരിക്കും. അങ്ങനെയുളള ധാരാളം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ സീരിയല്‍ കാണുന്ന സമയത്തിനു പുറത്തുള്ള ജീവിതത്തിലും സീരിയലുകള്‍ സ്വാധീനം ചെലുത്തുന്നതിന്റെയും ദൃഷ്ടാന്തമായി ഇതിനെ കാണാം. ആ കുട്ടികളുടെയടുത്ത് ആ പ്രിന്‍സിപ്പലിന്റെ കുറ്റപ്പേരായ റോസ്റ്റ് മാഡം എന്ന പ്രയോഗം പോലും നടത്തിയത് പരദൂഷണം ഫ്രൈ ചെയ്ത് ആ മിസ്സ് വിളമ്പിയതിനു തുല്യമായി.