പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷയാണോ ലക്ഷ്യമെന്ന് അന്വേഷിച്ചാല്‍ അതുമല്ല. ഗവേഷണ തല്‍പ്പരാനാണെന്നാണ് ഒരുവിധം മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തായാലും ഈ കുട്ടിയുടെ ലക്ഷ്യം ചെറുതല്ല. താന്‍ ചലിക്കേണ്ട ദിശയെക്കുറിച്ച് തനിക്കു തന്നെ വ്യക്തമായ ലക്ഷ്യമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലുമാണ് ഈ കൗമാരക്കാരന്‍. പരിഭ്രമം, സമ്മര്‍ദ്ദം ഇത്യാദി വൈകാരിക സ്‌തോഭങ്ങളൊന്നുമില്ലാത്ത കുട്ടി. രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ ഇഷ്ടമനുസരിച്ച് പഠിക്കാന്‍ വിടാനാണ് താല്‍പ്പര്യം. എന്നാല്‍ അദ്ധ്യാപകര്‍ക്ക് അതല്ല. ഈ കുട്ടി എന്‍ട്രന്‍സ് എഴുതിയാല്‍ ഒന്നാം റാങ്ക് തുടങ്ങി പത്തിനുള്ളില്‍ എന്തായാലും വരുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതിനാല്‍ അവര്‍ രക്ഷിതാക്കള്‍ക്ക് കൗണ്‍സലിംഗ് വരെ നടത്തി നോക്കി. ചില അദ്ധ്യാപകര്‍ ഈ കുട്ടിയെ ഐ.ഐ.ടി പ്രവേശനം നേടാനും പ്രേരിപ്പിക്കുന്നു. അവിടെയും ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിന്റെ സ്വഭാവത്തെക്കുറിച്ചാണ് ഈ കുട്ടിയുടെ അന്വേഷണം.
ഫുട്‌ബോള്‍ കളിയാണ് ഈ കൗമാരപ്രായക്കാരന്റെ ഇഷ്ടവിനോദം. പക്ഷേ പലപ്പോഴും കളിക്കുന്നത് തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളുമൊത്ത്. കാരണം സമപ്രായക്കാര്‍ പലരും എന്‍ട്രന്‍സ് കോച്ചിംഗിനു പോകുന്നതിനാല്‍ അവരെ കിട്ടാറില്ല. എന്നാല്‍ സൗഹൃദങ്ങള്‍ കൂടുതലും പ്രായത്തില്‍ മുതിര്‍ന്നവരുമായി. ഇഷ്ടമുള്ള വിഷയം ആരെങ്കിലും സംസാരിച്ചാല്‍ എത്ര വേണമെങ്കിലും കേട്ടുകൊണ്ടിരിക്കും. നഗരത്തില്‍ ആരെങ്കിലും നല്ല പ്രാസംഗികര്‍ എത്തുന്നുണ്ടോ എന്നുള്ളത് നോക്കാനാണ് മിക്കപ്പോഴും പത്രം വായിക്കുന്നതു തന്നെ. പ്രസംഗം കേള്‍ക്കുന്നതു പോലെ തന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രംഗങ്ങള്‍ വായിക്കുന്നതും ഈ കുട്ടിക്ക് വളരെ ഇഷ്ടമാണ്. ഒരിക്കല്‍ സംഭാഷണത്തിനിടയില്‍ ഈ കുട്ടി ഒരു ചോദ്യമുന്നയിച്ചു. ആ ചോദ്യത്തിനു മുന്നോടിയായി മറ്റൊരു ചോദ്യവും.
കുട്ടി : അങ്കിള്‍, ചുമടെടുക്കുന്നവരെ നാം എന്താണ് വിളിക്കുക
ഉത്തരം : ചുമട്ടുകാര്‍
കുട്ടി : അതേ വ്യക്തതയോടെ ആരാണ് നേതാവ് എന്ന് പറഞ്ഞു തരാന്‍ പറ്റുമോ? ഒറ്റ വാക്കില്‍. എങ്കിലേ ഒരു വ്യക്തി യഥാര്‍ത്ഥ നേതാവാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പറ്റുകയുള്ളൂ.
കുട്ടിയുടെ ചോദ്യത്തിന്റെ മുന്നില്‍ ഉത്തരം മുട്ടി. ഇത്രയും കുഴപ്പം പിടിച്ച ഒരു ചോദ്യം അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടാണ്. ചുമട്ടുകാരനെ മനസ്സിലാക്കുന്ന വിധം നേതാവിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒറ്റവാക്കുത്തരം. മനസ്സിലൂടെ പല നേതാക്കളുടെയും മുഖം കടന്നു പോയി.ടി.വിയില്‍ സ്ഥിരം കാണുന്നവരുടേതുള്‍പ്പെടെ. ദേശീയം മുതല്‍ പ്രാദേശികം വരെ. അവരുടെ ഏതെങ്കിലും ഒരു ലക്ഷണം എടുത്തു പറയാന്‍ പറ്റുമോ എന്നു നോക്കി. അതേ സമയം അവര്‍ യഥാര്‍ത്ഥ നേതാവുമായിരിക്കണം. കാരണം ഉത്തരം പറയുന്നത് കൗമാരക്കാരനായ കുതുകിയോടാണ്. വര്‍ത്തമാനകാലത്തില്‍ പരിചിതരായ നേതാക്കളില്‍ നിന്ന് ഒരു നേതാവിന്റെ ഏതെങ്കിലുമൊരു സവിശേഷതയെ ചൂണ്ടിക്കാട്ടി പറഞ്ഞുകൊടുക്കുക സാധ്യമല്ലെന്ന കണ്ടെത്തലോടെ ആ ശ്രമം ഉപേക്ഷിച്ചു.
ആരായിരിക്കണം നേതാവ്. നേതാവിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാകണം. ആ ലക്ഷണങ്ങളെല്ലാം ഒറ്റ വാക്യത്തില്‍ എങ്ങനെ പ്രകടമാകും. ഈ വിധത്തില്‍ സ്വയം ചോദിച്ചുനോക്കിയപ്പോള്‍ വര്‍ത്തമാനകാല നേതാക്കളുടെ ഒരു പൊതു ലക്ഷണം ഓര്‍മ്മയിലെത്തി. എല്ലാ നേതാക്കന്മാരും ജനസഹസ്രങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തുന്ന പ്രസംഗം എതിര്‍ ചേരിയിലുള്ളവരുടെ കുറ്റങ്ങളാണ്. ആ കുറ്റങ്ങളുടെ പട്ടിക നിരത്തി അവരാണ് ആ ദുരവസ്ഥയ്ക്ക് കാരണമെന്ന് സമര്‍ത്ഥിക്കലാണ് ഇന്നത്തെ നേതാക്കളുടെ പ്രസംഗം. അവര്‍ നേതാക്കളാണോ? മറ്റുള്ളവരുടെ കുറ്റം നിരത്താത്തവരും മറ്റുള്ളവരില്‍ ഉത്തരവാദിത്വം ചാരാത്തവരുമായി ഏത് നേതാവാണ് ഇന്ന് കേരളത്തിലോ, ഇന്ത്യയിലോ, ലോകത്തോ ഉള്ളത്?ഏറ്റവും മുട്ടന്‍ രീതിയില്‍ കുറ്റം നിരത്തി പഴി പറയുന്നവര്‍ മുട്ടന്‍ നേതാക്കാന്മാരായി വാഴുന്നു. അത് നേതാവിന്റെ ലക്ഷണമാണോ. അന്വേഷണ കുതുകിയായ കൗമാരക്കാന് ഒറ്റവാക്കില്‍ ഉത്തരം നല്‍കി:
'മറ്റുളളവരെ കുറ്റപ്പെടുത്താതെ സംസാരിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍'
കൗമാരക്കാരന്‍ എന്തോ ആലോചിക്കുന്നതുപോലെ തോന്നി. കാരണം ഉത്തരം മുട്ടിക്കാന്‍ വേണ്ടിയല്ല അവന്‍ ചോദ്യം ചോദിച്ചത്. അവന്‍ നടത്തിക്കൊണ്ടിരുന്ന ആന്തരികമായ അന്വേഷണത്തിന്റെ ഭാഗമായാണ് ആ ചോദ്യം വന്നത്. അത്തരമൊരു ചോദ്യം ഉള്ളില്‍ നിന്ന് വരണമെങ്കില്‍ അതത്ര എളുപ്പമല്ല കാര്യമല്ല. ഇന്ന് ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി തേടലിന്റെ ഭാഗമായോ നൈതികമായ ചില അന്വേഷണങ്ങളുടെ ഭാഗമായോ ഒക്കെയോ അത്തരമൊരു ചോദ്യം മനസ്സില്‍ ഉദിക്കുകയുള്ളൂ. ആ ചോദ്യം കേള്‍ക്കുക തന്നെ അനുഭവമായിരുന്നു. ആരാണ് നേതാവ് എന്നുള്ള മൂര്‍ത്തമായ ഒരുത്തരം കണ്ടെത്താന്‍ ഉത്തരം പറയാന്‍ നിര്‍ബന്ധിതനായ വ്യക്തിയെ സഹായിച്ചു. ആരായിരിക്കണം നേതാവ് എന്നുള്ളതിന് ഉപന്യാസ രൂപേണ ദൈര്‍ഘ്യമായി പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഒറ്റവാക്കില്‍ അത് പ്രകടമാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ ഏതു സാഹചര്യത്തിനും മൂര്‍ത്തഭാവം ഉണ്ടാകും. അത്തരത്തിലുള്ള ചിന്തയുടെ കൂര്‍മ്മതയില്‍ നിന്നാണ് ആ ചോദ്യം ഉയര്‍ന്നത്. അതിനാലാണ് ആ കുട്ടി സ്വന്തം വഴി എഞ്ചിനീയറിംഗും മെഡിസിനുമല്ല എന്ന് തീര്‍പ്പാക്കിയത്.
ആ ഉത്തരം കേട്ട കൗമാരക്കാരനില്‍ നിന്ന് തുടര്‍ന്ന് ചോദ്യമുണ്ടാകുമെന്ന് കരുതി. എന്നാല്‍ ഉണ്ടായില്ല. ഏറെ നേരത്തെ മൗനത്തിനു ശേഷം അവന്‍ വിശാലമായി ഒന്നു ചിരിച്ചു. താങ്ക്യൂ അങ്കിള്‍ എന്നു മാത്രം പറഞ്ഞു. മറ്റുള്ളവരില്‍ കുറ്റം ചാരി അവരെ മോശമാക്കി സ്വയം കേമത്വം നേടാന്‍ ശ്രമിക്കുന്നവര്‍ നേതാക്കന്മാരല്ല, മറിച്ച് സ്വാര്‍ത്ഥമോഹികളും സ്ഥാനമോഹികളുമായ വ്യക്തികളാണെന്നും, അവരിലൂടെ സമൂഹവും ജനായത്തവും നശിക്കുകയേ ഉള്ളുവെന്നുമൊക്കെ വിശദീകരിക്കാമെന്ന് മനസ്സില്‍ കരുതിയിരുന്നു. പക്ഷേ ആ കുട്ടി അതൊന്നും ചോദിച്ചില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്നവനു മാത്രമേ ഒരു പ്രശ്‌നം പരിഹരിക്കാന്‍ പറ്റുകയുള്ളൂ. ഉത്തരവാദിത്വം ഏറ്റെടുത്ത് പരിഹരിക്കാനായി മുന്നോട്ട് വന്ന് ആ പ്രശ്‌നത്തെയും പരിഹാരത്തെ പറ്റിയും സമൂഹവുമായി ആശയങ്ങള്‍ പങ്കുവച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന വ്യക്തിയാണ് യഥാര്‍ത്ഥ നേതാവ് എന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൗമാരക്കാന്‍ അതിനേക്കാള്‍ വിശദമായി ആ ഉത്തരത്തില്‍ നിന്ന് കാര്യങ്ങള്‍ വായിച്ചെടുത്തിട്ടുണ്ടാകാം. ഒരു പക്ഷേ ഉത്തരം പറഞ്ഞപ്പോള്‍ മനസ്സിലേക്കു വന്ന അര്‍ധനഗ്നനായ ഗാന്ധിയുടെ ചിത്രം ആ കൗമാരക്കാരന്റെ മനസ്സിലും തെളിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ടാകാം ആ കുട്ടിയുടെ ചിരിക്ക് ഒരു ഗാന്ധിച്ചിരിയുടെ ലക്ഷണം കൂടി തോന്നിയത്.