ആര്യവേപ്പ് - മുറ്റത്തൊരു മരുന്നു കട

കെ. ജി. സുധീര്‍ ബാബു
Mon, 05-08-2013 02:30:00 PM ;

ഇന്ത്യയുടെ തനതുമരമായ ആര്യവേപ്പ് മുറ്റത്തെ മരുന്നുകടയായിട്ടാണ് അറിയപ്പെടുന്നത്. ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിന്  ഉപയോഗിക്കുന്ന ഒരു മരമാണ് വേപ്പ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും നല്ലരീതിയില്‍ വളരുന്ന വേപ്പിനെ ഒരു സ്വര്‍ഗീയ മരമായിട്ടാണ് (divine tree) ഇന്ത്യക്കാര്‍ കണക്കാക്കുന്നത്.

 

മീലിയേസിയെ എന്ന സസ്യകുടുംബത്തില്‍പ്പെട്ട വേപ്പിന്റെ ശാസ്ത്രിയനാമം  അസഡിറാക്റ്റ ഇന്‍ഡിക്ക (Azadirachta indica) എന്നാണ്‌. വേപ്പിന്‍റെ  വേര്, തൊലി, ഇല, തണ്ട്, കായ്‌,  തുടങ്ങി എല്ലാഭാഗങ്ങളും  ഉപയോഗപ്രദമാണ്. ഒരു നല്ല കൃമി - കീട നാശിനി , കുമിള്‍ നാശിനി , വൈറസ് നാശിനിയുമായ വേപ്പ്  ചര്‍മരോഗങ്ങള്‍, മലേറിയ, ട്യൂമറുകള്‍, HIV വൈറസുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുടലിലെ വ്രണങ്ങള്‍ (ulcers), തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നു.  ഒരു നല്ല  സൗന്ദര്യ വര്‍ദ്ധക, ദന്ത സംരക്ഷണ   വസ്തുവായും ഉപയോഗിക്കുന്നു. വളരെയധികം ഗുണകരമായ  സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ള വേപ്പില്‍  ഏറ്റവും കൂടുതല്‍ അസഡിറാക്റ്റിന്‍ എന്ന സംയുക്തമാണ്. കൂടാതെ മീലിയാസിന്‍ നിമ്ബിടിന്‍, നിമ്പോളിടെസ്, സലാമിന്‍, നിംബിന്‍, മീലിയാസിന്‍ തുടങ്ങിയവയും  വേപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ മീലിയാസിന്‍ ആണ് വേപ്പെണ്ണക്ക്   കയ്പുരസം നല്‍കുന്നത്.

 

വേപ്പിന്റെ ഉപയോഗങ്ങള്‍ ഒന്നുനോക്കാം

  • വേപ്പില ചിക്കന്‍പോക്സ് വന്നവര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ്. ഇലയുടെ ഉപയോഗം ശരീരത്തിന്റെ പ്രധിരോധശക്തി വര്‍ധിപ്പിക്കുന്നു. മലേറിയ മൂലമുള്ള പനി ശമിപ്പിക്കുന്നു. ചിതല്‍, കീടങ്ങള്‍, കൊതുക്  മുതലായവയെ അകറ്റുന്നു. വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത്‌ പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്‌സീമ എന്നിവയെ ശമിപ്പിക്കുന്നു.
  • വേപ്പെണ്ണ  ഒരു നല്ല കീടനാശിനിയാണ്. കൂടാതെ അനേകം സൗന്ദര്യ വാര്‍ധക വസ്തുക്കളിലും മരുന്നുകളിലും ഉപയോഗിക്കുന്നു.
  • വേപ്പിന്‍ പിണ്ണാക്ക് ഒരു നല്ല ജൈവവളമാണ്. കൂടാതെ കീടനാശിനിയായും ഉപയോഗിക്കുന്നു.
  • വേപ്പിന്റെ ഇല, വെപ്പിന്‍കുരു, വേപ്പെണ്ണ മുതലായവ ധാരാളം സൗന്ദര്യ വര്‍ധക ലേപനങ്ങള്‍, ചര്‍മ സംരക്ഷക ക്രീമുകള്‍, മുടിസംരക്ഷണ, നഖ സംരക്ഷക വസ്തുക്കള്‍ ടൂത്ത് പേസ്റ്റ് മുതലായവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

 

വീട്ടു പരിസരത്ത് ഒരു വേപ്പ് മരമെങ്കിലുമുണ്ടെങ്കില്‍ പരിസരത്തെങ്ങും ശുദ്ധവായു ലഭ്യമാകും. കീടങ്ങളെ അകറ്റിയും  വേപ്പ് നമുക്ക് സംരക്ഷണം നല്‍കും.

Tags: